ad
Deshabhimani

ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യ; എൽപിജി വിതരണ നിയന്ത്രണത്തിന് നീക്കം

lpg subsidy
വെബ് ഡെസ്ക്

Published on Mar 03, 2026, 01:56 PM | 1 min read

ന്യൂഡൽഹി : സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കുന്ന രീതിയിൽ എൽപിജി വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ.


പശ്ചിമേഷ്യയിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സംഘർഷം കടുത്തതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം നിലച്ചു. ഇതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. കിഴക്ക്-പടിഞ്ഞാറൻ മേഖലയിലേക്കുള്ള ക്രൂഡ് ഓയിൽ നീക്കത്തിൽ 86 ശതമാനത്തോളം ഇടിവുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ കടുത്ത ഇന്ധനക്ഷാമത്തിലേക്കും വിലക്കയറ്റത്തിലേക്കും തള്ളിയിടും.

മാർച്ച ഒന്നിന് വെറും മൂന്ന് ടാങ്കറുകൾ മാത്രമാണ് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയത്. പ്രതിദിനം ശരാശരി 1.98 കോടി ബാരൽ എണ്ണ കടന്നുപോകേണ്ട സ്ഥാനത്താണിത്. നൂറുകണക്കിന് ടാങ്കറുകളാണ് കടലിടുക്കിന്റെ ഇരുവശങ്ങളിലുമായി കെട്ടിക്കിടക്കുന്നത്.


രാജ്യത്ത് 74 ദിവസത്തെ എണ്ണശേഖരമുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് പുരി അവകാശപ്പെടുമ്പോഴും വസ്തുതകൾ മറിച്ചാണ്. ഇന്ത്യക്കാവശ്യമായ എൽപിജിയുടെ 80-85 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈ കടലിടുക്ക് വഴിയാണ് എത്തുന്നത്. നിലവിലെ സ്റ്റോക്ക് കഷ്ടിച്ച് രണ്ടാഴ്ചത്തേക്ക് പോലും തികയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.


പെട്രോൾ, ഡീസൽ എന്നിവയുടെ കയറ്റുമതി നിയന്ത്രിക്കാനും എൽപിജി വിതരണം പരിമിതപ്പെടുത്താനും കേന്ദ്രം ആലോചിക്കുന്നുണ്ട്. കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാൻ എണ്ണ കയറ്റുമതി ചെയ്യുന്ന കേന്ദ്ര സർക്കാർ നയം തിരിച്ചടിയായതോടെ ആഭ്യന്തര വിപണിയിൽ ഇന്ധനത്തിന് വൻ ക്ഷാമമുണ്ടാകുമെന്ന് ഉറപ്പായി.


പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്നതിനാൽ ബ്രെന്റ് ക്രൂഡോയിൽ വില 80 ഡോളറിലേക്ക് ഉയർന്നു. യൂറോപ്പിലെ പാചകവാതക വിലയിൽ 40 ശതമാനത്തോളം വർധനവാണുണ്ടായത്. ഇത് ഇന്ത്യയിലെ പെട്രോൾ, ഡീസൽ, പാചകവാതക വില വൻതോതിൽ വർധിക്കാൻ കാരണമാകും.


ഇറാനെതിരെയുള്ള അധിനിവേശവും നിലവിലെ സംഘർഷങ്ങളും ആഴ്ചകളോളം നീണ്ടുനിൽക്കുമെന്നാണ് അമേരിക്കൻ പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാനും ആഭ്യന്തര ഉപയോഗം കുറയ്ക്കാനും കേന്ദ്ര സർക്കാർ നിർബന്ധിതരാകും. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതിനാൽ ഈ നീക്കം സാധാരണക്കാരന്റെ കുടുംബബജറ്റ് താറുമാറാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home