Deshabhimani

രണ്ടുമാസത്തിനിടെ രാജ്യവ്യാപകമായി പിടിച്ചെടുത്തത് 82 കോടിയുടെ ഭക്ഷ്യവസ്തുക്കൾ; 314 സ്ഥാപനങ്ങൾ പൂട്ടി

fssai

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 08, 2026, 09:54 PM | 1 min read

ന്യൂഡൽഹി: ഉത്സവകാലത്ത് ഭക്ഷ്യവസ്തുക്കളിലെ മായംചേർക്കലും ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങളും കണ്ടെത്താൻ നടത്തിയ രാജ്യവ്യാപക പരിശോധനയിൽ 82 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. നിരോധിച്ചതും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ 3,279.57 ടൺ ഉൽപ്പന്നങ്ങളാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പിടിച്ചെടുത്തത്. നിയമലംഘനങ്ങൾ കണ്ടെത്തിയ 314 ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 52 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.


സെപ്തംബർ ഒന്ന് മുതൽ നവംബർ അഞ്ച് വരെ രാജ്യത്തെ 56,431 ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പനീർ, നെയ്യ്, പാൽ, മധുരപലഹാരങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ പരിശോധനയിൽ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇവയടക്കം പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ ആകെ മൂല്യം 81.80 കോടി രൂപയാണെന്ന് എഫ്എസ്എസ്എഐ അറിയിച്ചു.


ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച 1,133 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ക്രമക്കേടുകൾ പരിഹരിക്കാൻ ആവശ്യപ്പെട്ട് 10,047 സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചത്.


ദീപാവലി ഉൾപ്പെടെയുള്ള ഉത്സവകാലത്ത് പാലിനും പാൽ ഉൽപ്പന്നങ്ങൾക്കും മധുരപലഹാരങ്ങൾക്കും ആവശ്യക്കാർ വർധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി എഫ്എസ്എസ്എഐ ശനിയാഴ്ച സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.


ഭക്ഷ്യവസ്തുക്കളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത് തടയുന്നതിനാണ് നടപടി. പിടിച്ചെടുത്തവയെല്ലാം മായംചേർത്ത ഉൽപ്പന്നങ്ങളാണെന്നല്ല, നിരോധിച്ചതോ നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ ഭക്ഷ്യവസ്തുക്കളും ഇതിൽ ഉൾപ്പെടുമെന്ന് അധികൃതരുടെ കണക്കുകൾ വ്യക്തമാക്കുന്നു.


ഈ വർഷം ഭക്ഷ്യസുരക്ഷാ നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള നടപടികൾ എഫ്എസ്എസ്എഐ ശക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾക്കൊപ്പം ഓൺലൈൻ വ്യാപാര കമ്പനികൾക്കെതിരെയും പരിശോധനയും നടപടികളും തുടരുകയാണ്. ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home