പ്രതികാരനടപടി തുടർന്ന് സർക്കാർ; എൽപിഎസ്ടി ഉദ്യോഗാർഥികൾക്ക് വീണ്ടും നോട്ടീസ്

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോഗാർഥികളോട് സർക്കാർ പ്രതികാരനടപടി കനപ്പിക്കുന്നു. സത്യഗ്രഹത്തിന്റെ ഭാഗമായി സെക്രട്ടറിയറ്റിനുമുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡും നടപ്പാത കൈയേറിയുള്ള സമരപ്പന്തലും മൈക്ക് സെറ്റും 24 മണിക്കൂറിനുള്ളിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് ഏഴിന് നോട്ടീസ് നൽകിയിരുന്നു. ഇത് പാലിക്കാത്തതിനാൽ തിങ്കളാഴ്ച കന്റോൺമെന്റ് പൊലീസ് വീണ്ടും നോട്ടീസ് നൽകി. സമരസമിതി സെക്രട്ടറി പാലക്കാട് എലപ്പുള്ളി വാണിയന്തറ സ്വദേശിനി എസ് വളർമതി, മറ്റ് സമരക്കാരായ ഉദ്യോഗാർഥികൾ എന്നിവർക്കെതിരെ നടപടിയെടുക്കുമെന്നാണ് പൊലീസിന്റെ ഭീഷണി. ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ലെന്നും സമരം തുടരുമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
സെക്രട്ടറിയറ്റിനുമുന്നിൽ ഉദ്യോഗാർഥികൾ നടത്തുന്ന സമരം 127 ദിവസവും വളർമതിയുടെ നിരാഹാര സമരം 15ാം ദിവസത്തിലേക്കും കടന്നു. ദിവസവും ജനറൽ ആശുപത്രിയിലെത്തി ഡ്രിപ്പിട്ടശേഷമാണ് വളർമതി നിരാഹാരം തുടരുന്നത്. ചൊവ്വാഴ്ചമുതൽ ചികിത്സ നിഷേധിച്ച് സമരം തുടരാനാണ് തീരുമാനം. ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരം തുടരുമെന്നാണ് നിലപാട്.
പ്രതീക്ഷയോടെ അധികാരത്തിലെത്തിച്ച സർക്കാരിൽ നിന്ന് നീതി കിട്ടിയില്ല. ഞങ്ങളോട് ഒരു ദയയും കാണിക്കാത്ത സർക്കാരിന്റെ ചികിത്സ വേണ്ട. സമരം കൂടുതൽ ശക്തമാക്കും. സർക്കാർ അനാവശ്യമായി തങ്ങളെ പ്രകോപിപ്പിക്കുകയാണ്. മന്ത്രിമാരടക്കം കള്ളങ്ങൾ പറയുന്നു. കുട്ടികളുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് ഡിവിഷൻ ഫാൾ വന്ന സ്കൂളുകളിൽ മാത്രം 1: 25 എന്ന അനുപാതം നടപ്പാക്കാനാണ് മന്ത്രിയുടെ മുന്നിൽ ഞങ്ങൾ ഉന്നയിച്ചത്. അത് ഒരിക്കലും സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കില്ല. പതിനാറോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിച്ചത് . എന്നാൽ പിന്നീട് മന്ത്രിമാരുമായി നടത്തിയ ചർച്ചകളും സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നുള്ള വാദം പരിഗണിച്ച് ആവശ്യങ്ങളുടെ എണ്ണം അഞ്ചായി കുറച്ചു.
എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമൊഴികെ മറ്റുള്ളവ അംഗീകരിക്കാൻ ശ്രമിക്കാമെന്നാണ് മന്ത്രിമാർ പറയുന്നത്. ഇത് സ്വീകാര്യമല്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും ഞങ്ങളുടെ ജീവൻ വച്ചാണ് സമരം ചെയ്യുന്നതെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.








0 comments