മ്യാൻമറിൽ ഗോത്ര കലാപം പടരുന്നു, മിസോറാമിലേക്ക് വീണ്ടും അഭയാർത്ഥി പ്രവാഹം

ഗോത്ര വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായതിന് പിന്നാലെ മ്യാൻമറിൽ നിന്നും ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹം. ചിൻ സംസ്ഥാനത്തെ രണ്ട് വംശീയ വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ കാരണം 3,000-ത്തിലധികം മ്യാൻമർ അഭയാർത്ഥികൾ അതിർത്തി സംസ്ഥാനമായ മിസോറാമിലേക്ക് പ്രവേശിച്ചു.
മിസോറാമിലെ ചാമ്പായി ജില്ലയിലേക്കാണ് കൂടുതൽ പേരും എത്തുന്നത്. കലാപം പടരുന്ന ചിൻ സംസ്ഥാനത്തിന്റെ അതിർത്തിയാണ് ചമ്പായി ജില്ല. അഭയാർത്ഥികളെ ജില്ലയിലെ സോഖാവ്താർ ഗ്രാമത്തിൽ പാർപ്പിച്ചിരിക്കയാണെന്ന് മിസോറാം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മിസോറാമിലെ ഏറ്റവും വലിയ സിവിൽ സൊസൈറ്റി ഗ്രൂപ്പായ കമ്മിറ്റി ഓഫ് യംഗ് മിസോ അസോസിയേഷൻ (സിവൈഎംഎ) ഇരു സംഘങ്ങളുമായി അനുരഞ്ജന ചർച്ച നടത്തി എങ്കിലും പരിഹാരമായില്ല.
ഖവ്മാവി, റിഖാവ്ദാർ, ലിയാൻഹ്ന എന്നിങ്ങനെ മൂന്ന് അതിർത്തി ഗ്രാമങ്ങളിലാണ് കലാപം പടർന്നിരിക്കുന്നത്. ചിൻ നാഷണൽ ഡിഫൻസ് ഫോഴ്‌സും (സിഎൻഡിഎഫ്) ഹുവൽങ്കോ പ്രദേശത്തെ റൈൻലാൻഡ് ഡിഫൻസ് ഫോഴ്‌സും (സിഡിഎഫ്) തമ്മിൽ കടുത്ത വൈരത്തിലാണ്. ചിൻ കുന്നുകളിൽ പ്രവർത്തിക്കുന്ന ഗോത്ര സൈനിക സംഘങ്ങളാണ്. മ്യാൻമറും മിസോറാമും തമ്മിൽ 510 കിലോ മീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.

ഇന്ത്യയ്ക്കും മ്യാൻമറിനും ഇടയിലുള്ള ചിൻ സംസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് ഖവ്മാവി. ഈ പ്രദേശത്തെ നിയന്ത്രിക്കാൻ വേണ്ടിയാണ് രണ്ട് ചിൻ വംശീയ സായുധ ഗ്രൂപ്പുകൾ വെടിവയ്പ്പിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് പറയപ്പെടുന്നു. മ്യാൻമറിലെ ഖവ്മാവിയും ഇന്ത്യയിലെ സോഖാവതറും ടിയാവു നദിയുടെ ഇരു കരകളിലായാണ് അതിർത്തി പങ്കിടുന്നത്. പരസ്പരം ഒരേ രാജ്യത്ത് എന്ന പോലെ ഇടപെട്ട് ജീവിക്കുന്നു.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അസം റൈഫിൾസ് അന്താരാഷ്ട്ര അതിർത്തി മുദ്രവെച്ചു. ജീവൻ രക്ഷിക്കാൻ വഴിയില്ലാതെ എത്തുന്ന അതിർത്തി ഗ്രാമങ്ങളിലെ നിരായുധരായ സാധാരണ പൗരന്മാർക്ക് രാജ്യത്തേക്ക് കടക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
മ്യാൻമറിൽ നിന്നുള്ള 32000 അഭയാർത്ഥികൾ എങ്കിലും ഇപ്പോൾ സംസ്ഥാനത്തുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ ഒഴികെയുള്ള അഭയാർത്ഥികളുടെ ബയോമെട്രിക് വിശദാംശങ്ങൾ ശേഖരിക്കുന്ന പ്രക്രിയ തുടർന്നു വരികയാണ്. ഇതിനിടയിലാണ് പുതിയ പ്രവാഹം.

ഈ വർഷം ഫെബ്രുവരിയിൽ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിൽ അഡ്വക്കസി ഫോർ പീസ് മുൻകൈയെടുത്ത് പരസ്പരം പോരടിക്കുന്ന രണ്ട് ഗ്രൂപ്പുകളെയും കരാറിൽ ഒപ്പുവെപ്പിച്ചിരുന്നു. മിസോറാം മുഖ്യമന്ത്രി ലാൽദുഹോമയും ഇപ്പോൾ കലാപം നടക്കുന്ന പ്രദേശങ്ങളിലെ പ്രാദേശിക നേതാക്കളും സാക്ഷ്യം വഹിച്ച ലയന സമ്മേളനമായിരുന്നു. മ്യാൻമറിലെ ജനാധിപത്യ അനുകൂല ശക്തികളെ ഏകീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ പിന്നീട് ഭിന്നിപ്പ് രൂക്ഷമായി.
അഭയാർത്ഥികളുടെ വരവിൽ നിറഞ്ഞ് മിസോറാം
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കണക്കനുസരിച്ച്, 32,419 മ്യാൻമർ പൗരന്മാർ നിലവിൽ മിസോറാമിലുണ്ട്. ഇവരിൽ മിക്കവരും മ്യാൻമറിലെ ചിൻ സംസ്ഥാനത്തിൽ നിന്നുള്ളവരാണ്. 2021 ലെ സൈനിക അട്ടിമറിക്ക് ശേഷം പലായനം ചെയ്തവരാണ് അധികവും.
മിസോറാമിലെ തന്നെ ലോങ്‌ട്‌ലായ് ജില്ലയിലെ 2,371 ബംഗ്ലാദേശി പൗരന്മാർ അഭയാർത്ഥികളായുണ്ട്. ഇവ കൂടാതെ 2023 മെയ് മുതൽ മണിപ്പൂരിൽ നിന്നും സംഘർഷം ഭയന്ന് എത്തിയ 7,354 സോ വംശജർക്കും മിസോറാം നിലവിൽ അഭയം നൽകുന്നു.
മ്യാൻമർ ചിൻസ്, ബംഗ്ലാദേശി ബാം, മണിപ്പൂരിൽ നിന്നുള്ള കുക്കി-സോ എന്നിവരെല്ലാം മിസോകളുമായി അടുത്ത ഗോത്ര ബന്ധമുള്ളവരാണ്.









0 comments