രാജസ്ഥാനിൽ സർക്കാർ സ്‌കൂൾ തകർന്നു 7 കുട്ടികൾക്ക് ദാരുണാന്ത്യം
ജയ്‌പുർ
രാജസ്ഥാനിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്ന് ഏഴ് കുട്ടികൾക്ക് ദാരുണാന്ത്യം. 29 കുട്ടികൾക്കു പരിക്കേറ്റു. 13 പേരുടെ നില അതീവഗുരുതരം. ഝാലാവാഡ് ജില്ലയിൽ പിപ്ലോഡയിലെ 35 വർഷം പഴക്കമുള്ള സ്‌കൂളിന്റെ കോൺക്രീറ്റ് മേല്‍ക്കൂരയാണ് വെള്ളിയാഴ്‌ച രാവിലെ 7.45ന് തകര്‍ന്നുവീണത്. ഒറ്റനിലക്കെട്ടിടത്തില്‍ അപകടസമയത്ത് ആറ്, ഏഴ് ക്ലാസുകളിലെ 36 കുട്ടികളുണ്ടായിരുന്നു.
പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടസ്ഥലത്ത് ആംബുലൻസ് എത്താത്തതിനാൽ സ്വകാര്യ വാഹനങ്ങളിലാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.
ചോർന്നൊലിക്കുന്ന കെട്ടിടത്തിന്റെ ശോച്യാവസ്ഥ നേരത്തെ അധികൃതരെ അറിയിച്ചതായി പ്രദേശവാസികൾ പറയുന്നു. വിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച അപകടാവസ്ഥയിലുള്ള സ്‌കൂൾ കെട്ടിടങ്ങളുടെ പട്ടികയില്‍ പിപ്ലോഡിയിലെ സ്‌കൂൾ ഉണ്ടായിരുന്നില്ലെന്ന് കലക്‌ടർ പ്രതികരിച്ചു. വിദ്യാഭ്യാസ മന്ത്രി മദൻ ദിൽവർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ അഞ്ച് അധ്യാപകരെ സസ്‌പെൻഡ് ചെയ്‌തു. രാജസ്ഥാൻ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു.
രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.











0 comments