ad
Deshabhimani

എടിഎം സ്ലോട്ടിൽ ഫെവിക്വിക് ഒഴിച്ച് തട്ടിപ്പ്: നാലംഗ സംഘം അറസ്റ്റിൽ

Arrest
വെബ് ഡെസ്ക്

Published on Sep 08, 2026, 05:02 PM | 1 min read

താനെ: എടിഎം മെഷീനിൽ കാർഡ് കുടുങ്ങാനായി ഫെവിക്വിക് പശ ഒഴിച്ച് തട്ടിപ്പ് നടത്തിയ നാലംഗ സംഘം അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള കോൾസെവാഡി പോലീസ് ആണി പ്രതികളെ അറസ്റ്റ് ചെയ്തത്. പട്ന എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.


എടിഎം കേന്ദ്രങ്ങളിൽ തക്കം പാർത്തിരിക്കുന്ന സംഘം മുൻകൂട്ടി കാർഡ് സ്ലോട്ടുകളിൽ ഫെവിക്വിക് പുരട്ടിവെക്കും. പണം പിൻവലിക്കാനെത്തുന്ന ഉപഭോക്താക്കളുടെ കാർഡ് മെഷീനിൽ കുടുങ്ങുമ്പോൾ സഹായിക്കാനെന്ന വ്യാജേന സംഘത്തിലെ ഒരാൾ അടുത്തെത്തും.


കാർഡ് പുറത്തെടുക്കാൻ പിൻ നമ്പർ മൂന്ന് തവണ അടിക്കാൻ ഉപഭോക്താവിനോട് ആവശ്യപ്പെടും. ഇതിലൂടെ ഉപഭോക്താവിന്റെ രഹസ്യ പിൻ നമ്പർ സംഘാംഗം മനസ്സിലാക്കുന്നു. എന്നിട്ടും പണം ലഭിക്കാതാകുമ്പോൾ, തട്ടിപ്പുസംഘത്തിലെത്തന്നെ മറ്റൊരാളുടെ മൊബൈൽ നമ്പർ നൽകി ബാങ്ക് അധികൃതരാണെന്ന് വിശ്വസിപ്പിച്ച് വിളിക്കാൻ പറയും.


ഫോണിൽ സംസാരിക്കുന്നയാൾ പരാതി പരിഹരിക്കാനെന്ന വ്യാജേന ഉപഭോക്താവിനോട് മറ്റൊരു സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെടും. ഉപഭോക്താവ് എടിഎം കൗണ്ടറിൽ നിന്ന് മാറിയ ഉടൻ തന്നെ ഇവർ കുടുങ്ങിക്കിടക്കുന്ന കാർഡ് കൈക്കലാക്കുകയും മനസ്സിലാക്കിവെച്ച പിൻ നമ്പർ ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യും.


കല്യാൺ ഈസ്റ്റിലെ കോൾസെവാഡിയിലെ എടിഎമ്മിൽ നടന്ന തട്ടിപ്പ് ശ്രമത്തെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് രാജേഷ് കുമാർ യാദവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, തനിക്കൊപ്പം മറ്റ് മൂന്ന് പേർ കൂടി സംഘത്തിലുണ്ടെന്നും അവർ ഭിവണ്ടി മേഖലയിലുണ്ടെന്നും രാജേഷ് വെളിപ്പെടുത്തി.


തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ മൂന്ന് പ്രതികളും പട്ന എക്സ്പ്രസ്സിൽ ബീഹാറിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് പോലീസ് മനസ്സിലാക്കി. ട്രെയിൻ പിന്തുടർന്ന് ഉള്ളിൽ കയറിയ പോലീസ് സംഘം പ്രതികളെ കീഴടക്കുകയായിരുന്നു. ഈ രീതി ഉപയോഗിച്ച് സംഘം നിരവധി ആളുകളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home