സർക്കാരിന്റെ ധൂർത്തിന് ജീവനക്കാർക്ക് പഴി; ആനുകൂല്യങ്ങൾ ഇല്ലാതാക്കാൻ ഗൂഢനീക്കം

വി ഡി സതീശൻ
തിരുവനന്തപുരം: ജീവനക്കാരുടെ ആനുകൂല്യങ്ങളും പെൻഷനുമാണ് സർക്കാരിന്റെ ഏറ്റവും വലിയ ബാധ്യതയെന്ന മുൻകാല യുഡിഎഫ് സർക്കാരുകളുടെ പ്രചാരണവുമായി വി ഡി സതീശൻ സർക്കാരും ജീവനക്കാരെ ഒതുക്കാൻ നീക്കം തുടങ്ങി. അതിന്റെ തുടക്കമായിരുന്നു ജീവനക്കാരുടെ വിഷയത്തിലടക്കം കള്ളക്കണക്കുകൾ നിരത്തി സർക്കാർ പുറത്തിറക്കിയ ധവളപത്രം. റവന്യൂ വരുമാനത്തിന്റെ 77.6 ശതമാനവും ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി ചിലവാകുന്നു എന്നാണ് ധവളപത്രത്തിലൂടെ പ്രചരിപ്പിച്ചത്. കള്ളക്കണക്കുകൾ കാണിച്ച് സർക്കാർ ജീവനക്കാരെ പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരായി ചിത്രീകരിക്കുകയാണ്.
ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ കത്രികവെക്കാനും അവർക്ക് കൂടുതലായൊന്നും കൊടുക്കാതിരിക്കാനുമുള്ള നീക്കത്തിലാണ് സർക്കാർ. അതിനുവേണ്ടിയാണ് ശമ്പളവും പെൻഷനും ബാധ്യതയാണെന്നാണ് നിരന്തരം പറയുന്നത്. അധികാരമേൽക്കുന്നതിന് മുൻപുതന്നെ "ഖജനാവിൽ പൂച്ചപെറ്റു കിടക്കുകയാണെന്ന" വ്യാജ പ്രചാരണം അഴിച്ചുവിട്ടത് ഇതിനെല്ലാം വഴിയൊരുക്കാനുള്ള കൃത്യമായ ആസൂത്രണമായിരുന്നു. 2002 -ൽ 100 സീറ്റിന്റെ ബലത്തിൽ അധികാരത്തിലെത്തി ജീവനക്കാരുടെ മുപ്പതോളം ആനുകൂല്യങ്ങൾ ഒറ്റ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ കവർന്നെടുത്ത എ കെ ആന്റണി സർക്കാരിന്റെ അതേ ജനദ്രോഹ പാതയിലാണ് സതീശൻ സർക്കാരും.
ധവളപത്രത്തിൽ പറയുന്നതനുസരിച്ച് ശമ്പളച്ചെലവ്: 31.5%, പെൻഷൻ ചെലവ്: 21.6%, വായ്പ പലിശ: 20.1% എന്നിങ്ങനെയാണ് കണക്കുകൾ. സർക്കാർ വിവിധ വികസന-ഭരണ ആവശ്യങ്ങൾക്കായി എടുത്ത വായ്പകളുടെ പലിശ ബാധ്യത (20.1%) ജീവനക്കാരുടെ ശമ്പളത്തിന്റെയും പെൻഷന്റെയും അക്കൗണ്ടിൽ എഴുതിച്ചേർക്കുന്നത് വിചിത്രമാണ്. 2011-ലും ധവളപത്രം ഇറക്കിയാണ് യുഡിഎഫ് സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുത്തത്.
ജീവനക്കാരുടെയും പെൻഷൻകാരുടെയും ന്യായാവകാശങ്ങളോടും തികഞ്ഞ അവഗണനയാണ് സർക്കാർ കാട്ടുന്നത്. ശമ്പള കമീഷന്റെ തുടർനടപടികൾ സംബന്ധിച്ച ഫയൽ കഴിഞ്ഞ മൂന്ന് മാസമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരനക്കവുമില്ലാതെ കിടക്കുകയാണ്. ജൂൺ 11 മുതൽ സർക്കുലർ ഇറക്കി ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പൂർണമായും തടഞ്ഞുവെച്ചു. ഉത്തരവായ ആനുകൂല്യങ്ങൾ പോലും നൽകാൻ സർക്കാർ തയ്യാറാകുന്നില്ല.
ജീവനക്കാരുടെ അവകാശ നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നത് തടയാൻ സ്ഥലംമാറ്റത്തെ ആയുധമാക്കുകയും ചെയ്യുന്നുണ്ട്. വ്യാപകമായ സ്ഥലംമാറ്റങ്ങൾ നടത്തി ജീവനക്കാരുടെ ശ്രദ്ധ തിരിച്ചുവിടുകയാണ്. ഇതിലൂടെ സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതിനെതിരെയുള്ള സമരം ഇല്ലാതാക്കാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.









0 comments