'ഡെയ്‌ലി സ്കിൻ ന്യൂട്രീഷൻ' ചര്‍മ സംരക്ഷണം മാറുന്നു

ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചര്‍മം. പ്രായം കൂടുന്തോറും ചര്‍മത്തെ കുറിച്ചുള്ള ആധിയും കൂടും. കാലം മാറവെ ചര്‍മ സംരക്ഷണ മാര്‍ഗ്ഗങ്ങളും പലതരത്തിൽ മാറിമറിയുകയാണ്. ക്ലെൻസിങ്, ടോണിങ്, മോയിസ്ചറൈസിങ്, സൺസ്‌ക്രീൻ എന്നിങ്ങനെ തുടരുന്ന മാര്‍ഗങ്ങൾ ഇപ്പോൾ പരമ്പരാഗത ചര്‍മ്മ സംരക്ഷണ വിഭാഗത്തിലാണ്.
ആയുര്‍വേദം വേണോ അലോപ്പതി വേണോ പ്രകൃതി ചികിത്സ വേണോ എന്നിങ്ങനെയുള്ള ചര്‍ച്ചകളും പോയ് മറഞ്ഞു. ഏത് പ്രായത്തിലായാലും സ്കിൻ കെയര്‍ ജീവിതത്തിന്റെ ഭാഗമായി ശീലപ്പെട്ടു. ഓരോന്നും പഠിച്ചും അറിഞ്ഞും പ്രയോഗിക്കുന്നു.
എത്ര കൃത്യമായ സംരക്ഷണ രീതികൾ പിന്തുടർന്നാലും ഒരു ഘട്ടം കഴിയുമ്പോൾ പ്രതീക്ഷിച്ച തിളക്കവും ഫലവും ഇത്തിരിയായി മങ്ങി തുടങ്ങും. ഇത്തരം ആശങ്കകൾക്ക് മറുപടി ആയാണ് സൗന്ദര്യ-ആരോഗ്യ സംരക്ഷണ രംഗത്ത് 'ഡെയ്‌ലി സ്കിൻ ന്യൂട്രീഷൻ' എന്ന ആശയം പ്രചാരം നേടുന്നത്. ചര്‍മത്തിന് മുകളിൽ പുരട്ടുന്നവ സിറങ്ങളായാലും ക്രീമുകളായാലും പഴച്ചാറുകളായാലും ബാഹ്യമായ പ്രശ്ന പരിഹാരത്തിൽ നിൽക്കും. ഇത്തിരി ഈര്‍പ്പം തിളക്കം മൃദുത്വം എന്നിങ്ങനെ.
അകത്ത് നിന്ന്
പുറത്തേക്ക്
ചര്‍മത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യവും ആരോഗ്യവും ശരീരത്തിന് ഉള്ളിൽ നിന്നാണ് ഉണ്ടാവുന്നത് എന്നാണ് ഡെയ്‌ലി സ്കിൻ ന്യൂട്രീഷൻ പക്ഷക്കാര്‍ ചൂണ്ടികാണിക്കുന്നത്. ഇതും ഒരു വിപണിയാണ്. എന്നാൽ ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം, മോശം ഭക്ഷണ രീതി, ശരീരത്തിനകത്തെ ഓക്സിഡേറ്റീവ് സ്ട്രെസ് ഇവയെല്ലാം ചര്‍മ സൗന്ദര്യത്തെ ബാധിക്കാം. ഒരു ആപ്പിൾ മുറിച്ചു വെച്ചാൽ കറുപ്പ് വരുന്ന പോലെ എന്നു വിശേഷിപ്പിക്കുന്നു. ദുശീലങ്ങൾ കൊണ്ടും കൊളോജൻ (Collagen) നാശം ഉണ്ടാവാം. ഇവ സിറവും ക്രീമുകളും കൊണ്ട് എത്രമാത്രം മായ്ക്കാനോ മറയ്ക്കാനോ കഴിയും.

നമ്മൾ അകത്തേക്ക് കഴിക്കുന്ന ഭക്ഷണം ഇക്കാര്യത്തിൽ പ്രധാനമാണ്. പുറത്ത് പുരട്ടുമ്പോൾ തന്നെ അകത്ത് കോശങ്ങളുടെ തലത്തിൽ അവയെ ആഗിരണം ചെയ്യാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ഉത്തേജനം പകരാനും കഴിയണം. മറ്റ് അവയവങ്ങൾ പോലെ എന്നു മാത്രമല്ല. ശരീരത്തിലെ ഏറ്റവും വലിയ അവയവവുമാണ് ചര്‍മ്മം.
സൗന്ദര്യവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടതാണ്. നമ്മളിൽ മറ്റുള്ളവര്‍ കാണുന്നതല്ല സൗന്ദര്യം. അത് അകത്ത് നിന്നുകൂടി ഉണ്ടാവുന്നതാണ്. ഇതിനായാണ് ഡെയിലി ന്യൂട്രീഷൻ ഉപദേശിക്കുന്നത്. കഴിക്കുന്നവയിൽ ചര്‍മത്തിന് ആവശ്യമായ ഘടകങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം. അവ എളുപ്പം ആഗിരണം ചെയ്യാനുള്ള സാഹചര്യം വേണം.
പലതരം പഴങ്ങളുടെയും ചെടികളുടെയും പൂവിന്റെയും കായകളുടെയും എല്ലാം പേരിൽ ഇപ്പോൾ സ്കിൻ ന്യൂട്രീഷ്യൻ ഉൽപന്നങ്ങൾ ലഭ്യമാണ്. കേവലം പരസ്യ വാചകങ്ങളിൽ വീഴാതെ അവയിൽ ആവശ്യമായ ഘടകങ്ങൾ ഉണ്ടോ എന്നറിയണം. ശാസ്ത്രീയ പരിശോധനയുടെ പിൻബലം ഉണ്ടോ എന്നറിയണം. ഡെയിലി ന്യൂട്രീഷൻ ഒരു ചികിത്സയല്ല. അകത്തും പുറത്തും സൗന്ദര്യം പുലര്‍ത്താനുള്ള സൂക്ഷമതയും കരുതലുമാണ്.









0 comments