അമിതവേഗതയിലെത്തിയ ട്രക്ക് വാനുമായി കൂട്ടിയിടിച്ച് 6 മരണം

ഗോണ്ടിയ: അമിതവേഗതയിലെത്തിയ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ആറ് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ ഗോണ്ടിയ-ബാലാഘട്ട് പാതയിലെ നാഗ്ര പ്രദേശത്ത് തിങ്കളാഴ്ച രാത്രി വൈകിയാണ് ദാരുണമായ സംഭവം നടന്നത്.
ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാഹനം പൂർണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ആരുഷ് മാത്രെ, കിരൺ സന്തോഷ് വൈദ്യ, സന്തോഷ് മാത്രെ, സുശീല മാത്രെ, രൂപസെൻ സത്യകർ, ജ്യോതി സത്യകർ എന്നവരാണ് മരിച്ചത്.
ഭൂമേശ്വർ മാത്രെ, സംഗീത മാത്രെ, രാജേന്ദ്ര പഞ്ചലെ, ലക്ഷ്മി പഞ്ചലെ, സന്തോഷ് വൈദ്യ, രാകേഷ് ബാഹെ, ഡ്രൈവർ സന്ദീപ് ബാഹെ എന്നിവർക്ക് പരിക്കേറ്റു.
അപകടത്തിൽപ്പെട്ടവരെല്ലാം മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ നിന്നുള്ള തൊഴിലാളികളാണ്. ജോലി ആവശ്യത്തിനായി ഹൈദരാബാദിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവമറിഞ്ഞ് പ്രദേശവാസികളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തകർന്ന വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ഗോണ്ടിയയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ട്രക്ക് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments