ad
Deshabhimani

മകൾക്ക് കുടുംബപെൻഷൻ നിഷേധിച്ചു; ബിജെപി കോർപ്പറേഷന് ത്രിപുര ഹൈക്കോടതിയുടെ വിമർശനം

tripura hc
വെബ് ഡെസ്ക്

Published on Sep 08, 2026, 03:46 PM | 2 min read

ന്യൂഡൽഹി: ജീവനക്കാരന്റെ വിവാഹമോചിതയായ മകൾക്ക് അർഹമായ കുടുംബപെൻഷൻ നിഷേധിച്ച ബിജെപി ഭരിക്കുന്ന അഗർത്തല മുനിസിപ്പൽ കോർപറേഷനെ രൂക്ഷമായി വിമർശിച്ച് ത്രിപുര ഹൈക്കോടതി. പിതാവ് മരിക്കുമ്പോൾ മകൾ വിവാഹമോചിതയായിരുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പെൻഷൻ നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഉജ്ജ്വല റാണി പോൾ എന്ന യുവതിക്ക് 2021 ഒക്ടോബർ നാല് മുതൽ കുടുംബപെൻഷനും കുടിശ്ശികയ്ക്ക് ആറുശതമാനം പലിശയും നൽകാനാണ് നിർദേശം.


അഗർത്തല മുനിസിപ്പൽ കോർപറേഷനിൽ തൊഴിലാളിയായിരുന്ന ഉജ്ജ്വലയുടെ പിതാവ് റാഷ് ബിഹാരി പോൾ 2004ൽ വിരമിക്കുകയും 2018 ഡിസംബർ രണ്ടിന് മരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. പിതാവിന്റെ മരണസമയത്ത് ഉജ്ജ്വല പ്രദീപ് സാഹയുമായി നിയമപരമായി വിവാഹബന്ധത്തിലായിരുന്നു. എന്നാൽ വിവാഹത്തിന് പിന്നാലെ തന്നെ ഭർത്താവ് ഉപേക്ഷിച്ചതോടെ വർഷങ്ങളായി പിതാവിനൊപ്പമാണ് അവർ കഴിഞ്ഞിരുന്നതെന്ന് കേസിലെ രേഖകൾ വ്യക്തമാക്കുന്നു. 2021 ഒക്ടോബർ നാലിനാണ് പരസ്പര സമ്മതത്തോടെ വിവാഹമോചനം ലഭിച്ചത്. തുടർന്ന് 2022ൽ കുടുംബപെൻഷന് അപേക്ഷിച്ചു.


എന്നാൽ വിവാഹമോചിതരായ പെൺമക്കൾക്ക് കുടുംബപെൻഷൻ അനുവദിക്കുന്ന 2018ലെ സംസ്ഥാന സർക്കാർ ഉത്തരവ് കോർപറേഷൻ അംഗീകരിച്ചിട്ടില്ലെന്ന വാദമുയർത്തി 2024 ഒക്ടോബറിൽ അപേക്ഷ തള്ളി. കോടതിയിലെത്തിയപ്പോൾ കോർപറേഷൻ നിലപാട് മാറ്റി, പിതാവ് മരിക്കുമ്പോൾ ഉജ്ജ്വല വിവാഹമോചിതയായിരുന്നില്ലെന്ന പുതിയ വാദമാണ് ഉന്നയിച്ചത്. ഈ നിലപാട് കോർപറേഷന്റെ തന്നെ രേഖകൾക്ക് വിരുദ്ധമാണെന്നും വിവാഹമോചിതയായ മകൾക്ക് വരുമാനപരിധിക്ക് വിധേയമായി പെൻഷന് അർഹതയുണ്ടെന്ന് കോർപറേഷൻ നേരത്തെ സമ്മതിച്ചിട്ടുണ്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. കോർപറേഷന്റെ വാദത്തെ “രേഖകൾക്ക് വിരുദ്ധമായ” നിലപാടായി കോടതി തള്ളി.


ചീഫ് ജസ്റ്റിസ് എം എസ് രാമചന്ദ്ര റാവു, ജസ്റ്റിസ് ബിശ്വജിത് പാലിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കുടുംബപെൻഷന് അർഹത നേടാൻ പിതാവിന്റെ മരണസമയത്തുതന്നെ മകൾ വിവാഹമോചിതയായിരിക്കണമെന്ന് ബന്ധപ്പെട്ട പെൻഷൻ ചട്ടങ്ങളിൽ എവിടെയും പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ചട്ടത്തിൽ ഇല്ലാത്ത വ്യവസ്ഥ കൂട്ടിച്ചേർത്ത് ആനുകൂല്യം നിഷേധിക്കാനാകില്ലെന്നും കോടതി പറഞ്ഞു.


വർഷങ്ങളായി പിതാവിനെ ആശ്രയിച്ച് ജീവിച്ച സ്ത്രീയുടെ പെൻഷൻ അവകാശം സാങ്കേതിക കാരണങ്ങൾ നിരത്തി തടയാനുള്ള കോർപറേഷന്റെ ശ്രമത്തെയും കോടതി വിമർശിച്ചു. ഭർത്താവ് വിവാഹത്തിന് പിന്നാലെ ഉപേക്ഷിച്ചതായി ഉജ്ജ്വല പറഞ്ഞതിൽ സംശയം പ്രകടിപ്പിച്ച കോർപറേഷന്റെ നിലപാടിനും കോടതി ന്യായീകരണമില്ലെന്ന് വ്യക്തമാക്കി. മുൻ ഭർത്താവും ഇക്കാര്യം അംഗീകരിച്ച സാഹചര്യത്തിൽ കോർപറേഷൻ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ദൗർഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു.


2026 ഏപ്രിൽ ഒന്നിന് ഉജ്ജ്വലയുടെ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് വിധിയും ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വിവാഹമോചനം ലഭിച്ച 2021 ഒക്ടോബർ നാല് മുതൽ ജീവിതകാലം മുഴുവൻ കുടുംബപെൻഷൻ നൽകണം. കുടിശ്ശിക മൂന്നുമാസത്തിനകം ആറുശതമാനം വാർഷിക പലിശ സഹിതം നൽകണമെന്നും കോടതി ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home