ഡൽഹിയിൽ പിജികൾ അടച്ചുപൂട്ടുന്നു; പെരുവഴിയിലായി വിദ്യാർഥികൾ

ന്യൂഡൽഹി : ഡൽഹി സത്യ നികേതനിൽ പിജി കെട്ടിടങ്ങൾ അടച്ചുപൂട്ടാൻ അധികൃതർ ആരംഭിച്ചതോടെ പെരുവഴിയിലായി വിദ്യാർഥികൾ. അടിയന്തിരമായി ഒഴിയാൻ ഉടമകൾ ആവശ്യപ്പെട്ടതോടെ പലരും ആശങ്കയിലാണ്. ഒരു വനിത പിജിയിലെ 40ഓളം വിദ്യാർഥികളോടാണ് താമസസ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സത്യ നികേതനിലെ അഞ്ച് നിലയുള്ള ഹോസ്റ്റൽ തകർന്ന് 6 പേർ മരിച്ചതിന് പിന്നാലെയാണ് സമീപമുള്ള പിജികൾ അടച്ചുപൂട്ടാൻ അധികൃതർ തീരുമാനിച്ചത്. അപകടമുണ്ടായതിന് ശേഷം മാത്രം അടിയന്തര നടപടികളെന്ന വ്യാജേന നടത്തുന്ന അധികൃതരുടെ പ്രഹസനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
വീടുവിട്ടു നിൽക്കുന്ന വിദ്യാർഥികളിൽ നിന്ന് മൂൻകൂർ വാടകയും സെക്യൂരിറ്റിയും വാങ്ങിയാണ് പല പിജികളും പ്രവർത്തിക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതോടെ കെട്ടിവെച്ച പണം നഷ്ടപ്പെടുമോ എന്ന ആശങ്കയും വിദ്യാർഥികൾക്കുണ്ട്. മാത്രമല്ല പെട്ടെന്ന് മറ്റൊരു താമസ സൗകര്യം കണ്ടെത്താൻ പലരും ബുദ്ധിമുട്ടുകയാണ്.
കെട്ടിടം എപ്പോൾ വേണമെങ്കിലും അധികൃതർ അടച്ചുപൂട്ടാൻ സാധ്യയുള്ളതിനാൽ നിലവിലുള്ള ഭക്ഷണസാധനങ്ങൾ തീരുന്നത് വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്നുമാണ് ഉടമകൾ പറയുന്നത്. നാല്പത് വിദ്യാർഥികളിൽ 18 പേർ ഇതിനോടകം തന്നെ നാട്ടിലേക്ക് മടങ്ങി.
പ്രതിമാസം 16,000 രൂപ വരെ വാടകയുള്ള മുറിക്ക് രണ്ട് മാസത്തെ വാടകയാണ് വിദ്യാർഥികളിൽ നിന്ന് മുൻകൂർ വാടകയായി വാങ്ങുന്നത്. എന്നാണ് താമസം ഒഴിയേണ്ടതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. എത്രയും വേഗം ഒഴിയണമെന്നാണ് വാർഡൻ അറിയിച്ചതെന്നും വിദ്യാർഥികൾ വ്യക്തമാക്കി. കോളേജുകൾ പ്രവർത്തിക്കുന്നതിനാൽ നാട്ടിലേക്ക് മടങ്ങിയാൽ പഠനം മുടങ്ങുമെന്ന ആശങ്കയും വിദ്യാർഥികൾക്കുണ്ട്. കോളേജ് ഹോസ്റ്റലുകളിൽ വിദ്യാർഥികൾ താമസം സൗകര്യമില്ലാത്തതിനാലാണ് പലരും പുറത്തു താമസിക്കുന്നത്.
ഇത്രയും വലിയ പ്രതിസന്ധി വിദ്യാർഥികൾ നേരിടുമ്പോഴും സർക്കാരിന്റെയും കോളേജ് അധികൃതരുടെയും ഭാഗത്തു നിന്ന് അനാസ്ഥ തുടരുകയാണ്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് വിദ്യാർഥികളുടെ ഭാഗത്ത് നിന്നുയരുന്നത്. സർക്കാർ തുടരുന്ന അനാസ്ഥയുടെ ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരായ വിദ്യാർഥികളാണ്. അടിയന്തരമായി വിദ്യാർഥികൾക്ക് സുരക്ഷിതമായ താമസ സൗകര്യമൊരുക്കാൻ സർവകലാശാലയും സർക്കാരും തയ്യാറാകേണ്ടതുണ്ടെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.









0 comments