ഡെങ്കി കൊതുകുകളെ എങ്ങനെ അകറ്റാം, പഠിക്കാൻ തമിഴ്നാട്; ഈ വര്‍ഷം പനിപിടിച്ചത് 14,581 പേര്‍ക്ക്

ചെന്നൈ: തമിഴ്നാട്ടിൽ ഡെങ്കിപ്പനി വ്യാപനം വെല്ലുവിളിയായി മാറിയതോടെ സ്വന്തം നിലയ്ക്ക് ഗവേഷണ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. പകര്‍ച്ച തടയുന്നത് കുറയ്ക്കാൻ മൂന്നു തലങ്ങളിലുള്ള പഠനമാണ് ലക്ഷ്യം വെക്കുന്നതെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ.ജി. അരുൺരാജ് പറഞ്ഞു.
ഡെങ്കിപ്പനി ഏറ്റവും കൂടുതലായി ദുരിതം വിതച്ച തെങ്കാശി ജില്ലയിലെ കടയനല്ലൂര്‍ കേന്ദ്രീകരിച്ചാണ് പഠനം. ത്രിതല ക്ലസ്റ്റർ റാൻഡമൈസ്ഡ് കൺട്രോൾഡ് സ്റ്റഡി' (Cluster Randomised Controlled Studies) ആണ് നടപ്പിലാക്കുന്നത്.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ കടിയിൽ നിന്ന് കൂടുതൽ സംരക്ഷണം ഉറപ്പാക്കാൻ ശരീരത്തിൽ പുരട്ടുന്ന കൊതുക് നിവാരണികൾ (Topical repellents), ഇതിന് പുറമെ ചെറുനാരങ്ങ യൂക്കാലിപ്റ്റസ് എണ്ണ പോലെയുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങൾ, വേപ്പറൈസറുകൾ എന്നിവ എത്രമാത്രം ഫലപ്രദമാണെന്ന് പഠിക്കും. വ്യക്തിതലത്തിൽ ഇവയുടെ ഉപയോഗത്തിന് പുറമെ സമൂഹതലത്തിൽ പരിഹാര സാധ്യത തേടും. ഇത് സംബന്ധിച്ച പഠനങ്ങളോ നിരീക്ഷണങ്ങളോ ഇപ്പോൾ ലഭ്യമല്ല. ഗാര്‍ഹിക തലത്തിലുള്ള അധിക സംരക്ഷണ മാര്‍ഗ്ഗങ്ങളെ കുറിച്ചും പഠനം നടത്തും.
ബാധിച്ചത് 25,580 പേരെ
ഡെങ്കിപ്പനി മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല. ജോലി ചെയ്യാനുള്ള വലിയ അവസര നഷ്ടവും ഉണ്ടാക്കുന്നു. ഇത് മൂലം അന്നന്ന് അധ്വാനിച്ച് നിത്യവൃത്തി കഴിക്കുന്ന കുടുംബങ്ങൾ തന്നെ പ്രതിസന്ധിയിലാവുന്നു. 2025-ൽ തമിഴ്‌നാട്ടിൽ 25,580 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 12 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 14,581 പേർ രോഗബാധിതരാവുകയും 9 പേർ മരണപ്പെടുകയും ചെയ്തു.
ഓരോ പഠനത്തിലും 48 ക്ലസ്റ്ററുകൾ ഉണ്ടായിരിക്കും. ഒരു ക്ലസ്റ്ററിൽ 20 വീടുകൾ വീതം ഉൾപ്പെടും. അങ്ങനെ മൂന്ന് പഠനങ്ങളിലായി ആകെ ഏകദേശം 2,880 വീടുകൾ പങ്കാളികളാകും. 43 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ്.








0 comments