ad
Deshabhimani

അ​ഗ്നിപർവത സ്ഫോടനം; ഇന്തോനേഷ്യയിലെ അഞ്ച് വിമാനത്താവളങ്ങൾ തുറന്നു

Indonesia Airport

Image Credit : REUTERS/Ajeng Dinar Ulfiana

വെബ് ഡെസ്ക്

Published on Sep 08, 2026, 05:29 PM | 1 min read

ജക്കാർത്ത : അ​ഗ്നിപർവതത്തിൽ നിന്നുള്ള ചാരം വിമാനങ്ങളിൽ പറ്റിപ്പിടിച്ചതിനെ തുടർന്ന് അടച്ചിട്ട ഇന്തോനേഷ്യയിലെ വിമാനത്താവളങ്ങൾ വീണ്ടും പ്രവർത്തനം ആരംഭിച്ചു. ജക്കാർത്തയിലെ പ്രധാന വിമാനത്താവളമായ സൊകാർണോ-ഹട്ട ഉൾപ്പെടെയുമള്ള അഞ്ച് വിമാനത്താവളങ്ങളാണ് തുറന്നത്. ജക്കാർത്തക്ക് സമീപമുള്ള അനക് ക്രകറ്റോവ അ​ഗ്നിപർവതത്തിൽ നിന്നുള്ള ചാരമാണ് രാജ്യത്തെ വ്യോമ​ഗതാ​ഗതം സ്തംഭിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അ​ഗ്നിപർവത സ്ഫോടനമുണ്ടായത്. ഇതേത്തുടർന്ന ചാരം അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു. സുരക്ഷ മുൻകരുതലിന്റെ ഭാ​ഗമായാണ് ഇന്തോനേഷ്യയിലെ 8 വിമാനത്താവളങ്ങൾ താല്കാലികമായി അടച്ചിട്ടത്.


വിമാനങ്ങൾ റദ്ദാക്കുകയും സർവീസുകൾ വഴിതിരിച്ചു വിടുകയും ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്. 3.41 ലക്ഷം യാത്രക്കാരാണ് വലഞ്ഞത്. ഏകദേശം 2,961 വിമാന സർവീസുകളെയും ഈ പ്രതിസന്ധി ബാധിച്ചു. അന്തരീക്ഷത്തിൽ പടർന്ന ചാരത്തിന്റെ കണികകൾ വിമാനത്തിന്റെ എഞ്ചിനിൽ പ്രവേശിച്ചാൽ ​ഗുരുതര പ്രശ്നങ്ങൾക്ക് ഇടയാക്കും. അതിനാൽ കർശന പരിശോധന നടത്തിയാണ് വിമാന സർവീസുകൾ പുനഃരാരംഭിച്ചത്.


അതേസമയം അ​ഗ്നിപർവത സ്ഫോടനം അവസാനിച്ചിട്ടില്ല. ഇന്നും ക്രകറ്റോവയിൽ പുതിയ പൊട്ടിത്തെറികൾ ഉണ്ടായിട്ടുണ്ട്. ചാരമടങ്ങിയ മേഘങ്ങൾ രൂപപ്പെട്ടതിനാൽ ഇവയുടെ ദിശ നോക്കിയായിരിക്കും വിമാന സർവീസുകൾ നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ വിമാന സർവീസുകൾ സാധാരണ നിലയിലേക്കെത്താൻ സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.


സുമാത്രക്കും ജാവക്കും ഇടയിലുള്ള സുന്ദ കടലിടുക്കിലാണ് അനക് ക്രകറ്റോവ സ്ഥിതിചെയ്യുന്നത്. 1883ലെ ക്രകറ്റോവ അഗ്നിപർവത സ്ഫോടനത്തിനു പിന്നാലെ രൂപപ്പെട്ട അഗ്നിപർവതമാണിത്. 2018ൽ അനക് ക്രകറ്റോവയിലെ സ്ഫോടനത്തെ തുടർന്നുണ്ടായ സുനാമിയിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ അധികൃതർ അഗ്നിപർവതത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ശാന്തസമുദ്രത്തിലെ റിം​ഗ് ഓഫ് ഫയർ മേഖലയിൽ സ്ഥിതിചെയ്യുന്ന ഇന്തോനേഷ്യയിൽ അ​ഗ്നിപർവത സ്ഫോടനങ്ങൾ പതിവാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home