മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ; എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ശുചിമുറിയിൽ വെച്ച് രണ്ട് തവണ അദ്ദേഹം കുഴഞ്ഞുവീണിരുന്നു.
തുടർന്ന് തിങ്കളാഴ്ച എയിംസിൽ വൈദ്യപരിശോധനയ്‌ക്കെത്തിയ അദ്ദേഹത്തെ വിദഗ്ധ പരിശോധനകൾക്കായി അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. നിലവിൽ കാർഡിയോളജി വിഭാഗത്തിൽ നിരീക്ഷണത്തിലുള്ള ധൻകറുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
എംആർഐ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് അദ്ദേഹത്തെ വിധേയനാക്കും. മുൻപ് ഉപരാഷ്ട്രപതിയായിരുന്ന കാലയളവിലും സമാനമായ രീതിയിൽ അദ്ദേഹം കുഴഞ്ഞുവീണിട്ടുണ്ട്.
ഗുജറാത്തിലെ റാൻ ഓഫ് കച്ച്, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിൽ വെച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെ അദ്ദേഹം ബോധിരഹിതനായി വീണിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി 2025 ജൂലൈ 21-നാണ് അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്.
കഴിഞ്ഞ വർഷം മാർച്ചിലും ഹൃദയസംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹം എയിംസിൽ ചികിത്സ തേടിയിരുന്നു. ന്യൂറോളജി, കാർഡിയോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.










0 comments