print edition ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ഭാസ്‌കർ റാവു അന്തരിച്ചു

ഹൈദരാബാദ് : 1984ൽ ഒരുമാസം മാത്രം ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായി പ്രവർത്തിച്ച എൻ ഭാസ്‌കര റാവു (90) അന്തരിച്ചു. ഹൈദരാബാദിൽ ബുധനാഴ്‌ചയാണ് അന്ത്യം. സംസ്‌കാരം വ്യാഴം വൈകിട്ട് നാലിന് പഞ്ചഗുഡ ശ്‌മശാനത്തിൽ. തെലുഗുദേശം പാർടിയുടെ സ്ഥാപക പ്രസിഡന്റാണ്. 1978ൽ കോൺഗ്രസ് ടിക്കറ്റിൽ വിജയവാഡ ഇൗസ്റ്റിൽനിന്ന് നിയമസഭയിലേക്ക് ജയിച്ച് മന്ത്രിയായി. തുടർന്ന് 1982ൽ എൻ ടി രാമറാവുവിനൊപ്പം ടിഡിപി രൂപീകരിച്ചു.
1983ൽ എൻടിആർ മന്ത്രിസഭയിൽ ധനകാര്യമന്ത്രി. 1984ൽ എൻടിആർ അമേരിക്കയിൽ ചികിത്സയ്‌ക്ക് പോയപ്പോൾ കോൺഗ്രസ് സഹായത്തോടെ സർക്കാരിനെ അട്ടിമറിച്ച് ഒരുവിഭാഗം ടിഡിപി എംഎൽഎമാരുടെ പിന്തുണയിൽ മുഖ്യമന്ത്രിയായി. തിരിച്ചെത്തിയ എൻടിആറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഇളക്കിമറിച്ച ധർമയാത്രയും പ്രക്ഷോഭങ്ങളും നടന്നു. ഒരുമാസത്തിനുശേഷം ഭാസ്‌കര റാവുവിന് രാജിവച്ചൊഴിയേണ്ടിവന്നു.
ടിഡിപിയിയിൽനിന്ന് പുറത്തായതോടെ കോൺഗ്രസിൽ തിരിച്ചെത്തി. 1998ൽ ഖമ്മത്ത് നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2019ൽ കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തി. ആന്ധ്ര ഭക്ഷ്യമന്ത്രിയും ജനസേന പാർടി നേതാവുമായ എൻ മനോഹർ മകനാണ്.










0 comments