കൈക്കൂലിയും തട്ടിപ്പും, ഒടുവിൽ ഭൂമി ഇടപാടിൽ കുടുങ്ങി; ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

നേഹ പചാസിയ
ഭോപ്പാൽ: ഭൂമി തട്ടിപ്പ് കേസിൽ കുടുങ്ങി മധ്യപ്രദേശിലെ ഐപിഎസ് ഉദ്യോഗസ്ഥ. എയർ ഇന്ത്യയുടെ കാബിൻ ക്രൂവായിരിക്കെ പൊലീസ് സേനയിലെത്തിയ നേഹ പചാസിയക്കെതിരെയാണ് അന്വേഷണം. ഡിഎസ്‌പിയായി സേനയിൽ പ്രവേശിച്ച നേഹ കട്നിയിലെ സിറ്റി സൂപ്രണ്ട് ഓഫ് പൊലീസായി (സിഎസ്‌പി) ചുമതല വഹിക്കുകയായിരുന്നു.
കൊലക്കേസ് പ്രതിയെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൈക്കൂലിലായി ഏകദേശം 83 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി വെറും 18.20 ലക്ഷം രൂപയ്ക്ക് വാങ്ങി എന്നതാണ് നേഹക്കെതിരായ കേസ്. അന്വേഷണത്തിന്റെ ഭാഗമായി നേഹയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സസ്പെൻഷൻ കാലയളവിൽ ഭോപ്പാലിലെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി.
അധികാരം ഉപയോഗിച്ച് ഭുമിയിടപാട് നടത്തുകയും പ്രതിയുടെ കുടുംബത്തിന്റെ നിസഹായത ചൂഷണം ചെയ്തെന്നുമാണ് നേഹക്കെതിരായ പ്രധാന ആരോപണം. വഞ്ചന, നിർബന്ധിത ഭീഷണിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കട്നി എസ്പി അഭിനയ് വിശ്വകർമ്മ അറിയിച്ചു.
ഏകദേശം ഒരു മാസം മുൻപ് രാത്രി പരിശോധനയ്ക്കിടെ തന്റെ ട്രക്കുകളിൽ ഒന്ന് തടഞ്ഞുവെച്ചതിന് ശേഷം 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി വ്യവസായി മഹേന്ദ്ര ജെയിൻ നേഹക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. 25,000 രൂപ സംഭവസ്ഥലത്ത് വെച്ച് പണമായി പിരിച്ചെടുത്തു. ബാക്കി തുക അടുത്ത ദിവസം ഡ്രൈവർ വഴി അയക്കണമെന്നും അല്ലാത്തപക്ഷം ട്രക്ക് പിടിച്ചെടുക്കുമെന്ന് നേഹ ഭീഷണിപ്പെടുത്തിയതായും ജെയിൻ പരാതിപ്പെട്ടിട്ടുണ്ട്.
രാജ്ഗഡ് ജില്ലയിലെ പചോർ തഹ്സിൽ സ്വദേശിയായ നേഹ പചാസിയ പ്ലസ് ടൂവിനു ശേഷമാണ് കാബിൻ ക്രൂവായി ജോലിയിൽ പ്രവേശിച്ചത്. 2012ൽ എംപിപിഎസ്‌സിയിൽ പങ്കെടുക്കുകയും ചെയ്തു. 2016ൽ അന്തിമ ഫലം പ്രഖ്യാപിച്ചപ്പോൾ, പചാസിയ മധ്യപ്രദേശിൽ 20-ാം റാങ്ക് നേടുകയും ഡിഎസ്‌പിയായി പൊലീസ് സർവീസിൽ പ്രവേശിക്കുകയും ചെയ്തു.









0 comments