ad
Deshabhimani

നിര്‍ധന സ്ത്രീകളുടെ ആശ്വാസവും മുടക്കി; ഓണക്കാലത്തും സ്ത്രീപക്ഷം വാക്കില്‍ മാത്രം

sthree suraksha
വെബ് ഡെസ്ക്

Published on Aug 22, 2026, 10:01 PM | 2 min read

തിരുവനന്തപുരം: കുടുംബത്തിലെ ചെറിയ കാര്യങ്ങൾക്കോ സ്വന്തം ആവശ്യങ്ങൾക്കോ ആയി മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം അക്കൗണ്ടിലെത്തുന്ന തുക കൊണ്ട് കാര്യങ്ങൾ നടത്തിയ സ്ത്രീകൾ വീണ്ടും പഴയ സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് തള്ളപ്പെടുകയാണ്. 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് പ്രതിമാസം ലഭിച്ചുകൊണ്ടിരുന്ന 1000 രൂപയുടെ സാമ്പത്തിക സഹായമാണ് യുഡിഎഫ് സർക്കാർ, സ്ത്രീ സുരക്ഷാ പദ്ധതി മരവിപ്പിച്ചതിലൂടെ ഇല്ലാതായിരിക്കുന്നത്. ഓണം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും തുക തടഞ്ഞുവെക്കുന്നതിലൂടെ കനത്ത പ്രഹരമാണ് സർക്കാർ ഏൽപിക്കുന്നത്. അവശ്യസാധനങ്ങൾക്കുൾപ്പെടെ വിലവർധിച്ചുവരുന്ന സാഹചര്യത്തിൽ ഒരു ആശ്വാസമാകുമായിരുന്ന തുകയാണ് 3 മാസമായി തടഞ്ഞുവെച്ചിരിക്കുന്നത്. പദ്ധതിയിൽ വലിയ പ്രതീക്ഷയോടെ അപേക്ഷ സമർപ്പിച്ച് കാത്തിരുന്ന അഞ്ച് ലക്ഷത്തിലേറെ പേരെക്കൂടി അനിശ്ചിതത്വത്തിലാക്കിയാണ് സർക്കാരിന്റെ നീക്കം.


കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങൾക്കായി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ടി വന്നിരുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് ആശ്വാസവും ആത്മാഭിമാനവും നൽകിയ പദ്ധതിയായിരുന്നു കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത്. എന്നാൽ പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ഈ ജനകീയ ക്ഷേമപദ്ധതി പൂർണമായി ഉപേക്ഷിക്കപ്പെടുകയോ മരവിപ്പിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥയിലാണ്. പദ്ധതിയുടെ കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും പുനഃപരിശോധന നടത്തുമെന്നുമാണ് നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്. ഇതിലൂടെ ഈ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത് തടഞ്ഞു വെക്കാനുള്ള നീക്കമാണെന്ന ആശങ്ക ശക്തമാക്കുന്നു.


പ്രതിമാസം ആയിരം രൂപ സ്വന്തം അക്കൗണ്ടിലേക്ക് എത്തിയത് സാധാരണക്കാരായ സ്ത്രീകൾക്ക് വലിയൊരു സാമ്പത്തിക ആശ്വാസമായിരുന്നു. സ്വന്തം പേരിൽ ലഭിക്കുന്ന തുക ഉപയോഗിച്ച് കുട്ടികളുടെ ചെലവുകൾ നടത്താനും, അടിയന്തര ആവശ്യങ്ങൾക്ക് മരുന്ന് വാങ്ങാനും, വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ കണ്ടെത്താനും സാധിച്ചിരുന്ന തണലാണ് പെട്ടെന്ന് ഇല്ലാതായിരിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലെ തുക തടഞ്ഞുവെക്കുകയും പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലാകുകയും ചെയ്തതോടെ സാധാരണക്കാരായ കുടുംബങ്ങളുടെ പ്രതിമാസ ബജറ്റുകളാണ് താളംതെറ്റുന്നത്.


ഗൃഹജോലികളിൽ ഏർപ്പെടുന്ന നിർധനരായ വീട്ടമ്മമാരുടെ അധ്വാനത്തിന്റെ മൂല്യം അംഗീകരിച്ചുകൊണ്ടാണ് 2025 ഒക്ടോബറിൽ എൽഡിഎഫ് സർക്കാർ ഈ പദ്ധതിക്ക് രൂപം നൽകിയത്. മറ്റ് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കാത്ത, അന്ത്യോദയ അന്നയോജന (മഞ്ഞ), മുൻഗണനാ (പിങ്ക്) റേഷൻ കാർഡുകളിലുള്ള 35-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് സ്ത്രീകൾക്കുമായി പ്രതിമാസം 1,000 രൂപ ലഭ്യമാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ-സ്മാർട്ട് (K-SMART) വെബ്സൈറ്റ് വഴി സുതാര്യമായും, ആധാർ, റേഷൻ കാർഡുകൾ കൃത്യമായി സംയോജിപ്പിച്ചുമാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. സംസ്ഥാന ബജറ്റിൽ 3,720 കോടി രൂപ എൽഡിഎഫ് സർക്കാർ ഇതിനായി നീക്കിവയ്ക്കുകയും ചെയ്തിരുന്നു.


എന്നാൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്ര പോലുള്ള പദ്ധതികൾക്ക് ഫണ്ട് കണ്ടെത്താനാണ് 31 ലക്ഷത്തോളം വരുന്ന സ്ത്രീകൾക്ക് തണലാകേണ്ട 3,720 കോടിയുടെ സുരക്ഷാ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നത്. അതേസമയം കെഎസ്ആര്‍ടിസി സൗജന്യയാത്രാ പദ്ധതിക്കായി ഒരു വര്‍ഷം ചെലവാകുന്നത് 600 കോടി രൂപ മാത്രമാണ്.


സ്ത്രീ സുരക്ഷാ പെൻഷൻ അട്ടിമറിക്കുന്നതിന് പുറമെ മറ്റ് പ്രധാന ജനക്ഷേമ പദ്ധതികളിൽ നിന്നും യുഡിഎഫ് സർക്കാർ പിന്നോട്ട് പോകുന്ന കാഴ്ചയാണ് കാണുന്നത്. 60 വയസ്സിന് മുകളിലുള്ള പട്ടികവർഗ വിഭാഗക്കാർക്ക് ഓണക്കാലത്ത് നൽകിയിരുന്ന 1,000 രൂപ പണമായി നൽകുന്നതിന് പകരം മുണ്ട് നൽകാനാണ് പുതിയ നീക്കം. കൈകളിൽ നേരിട്ടെത്തുന്ന പണത്തിന് പകരം മുണ്ട് നൽകുന്നത് ആദിവാസി വിഭാഗങ്ങളോടുള്ള അനീതിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home