ചോദ്യവുമായി പ്രതിപക്ഷം
‘മേയറുടെ കെയർ’ മുതലാളിമാരുടെ ഫണ്ടോ


സ്വന്തം ലേഖകൻ
Published on Aug 22, 2026, 10:53 PM | 1 min read
തിരുവനന്തപുരം
ബിജെപി ഭരണസമിതി കൊണ്ടുവന്ന ‘മേയർ കെയർ’ പദ്ധതിക്കെതിരെ ആരോപണങ്ങളുയരുന്നു. നഗരത്തിലെ വൻകിട ഫ്ലാറ്റ് ഉടമകൾ, മാളുകൾ, വസ്ത്രവ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്ന് വിവിധരീതിയിൽ സംഭാവനകൾ സ്വീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് ആക്ഷേപം. ശനിയാഴ്‌ച ഓണാഘോഷത്തിനുവേണ്ടി ഇങ്ങനെ സംഘടിപ്പിച്ച ലോഡുകണക്കിന് തുണിത്തരങ്ങളും മറ്റ് സാധനങ്ങളും കോർപറേഷനിൽ എത്തിച്ചതായാണ് വിവരം. കൗൺസിലും സർക്കാരും അംഗീകരിച്ച മാനദണ്ഡങ്ങൾ മറികടന്നാണ് സ്വകാര്യ, വാണിജ്യ, -വ്യവസായ സ്ഥാപനങ്ങളിൽനിന്ന് സമ്മാനങ്ങൾ സ്വീകരിക്കുന്നത്. സമ്മാനങ്ങൾ നൽകിയ സ്ഥാപനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള വഴിവിട്ട ആനുകൂല്യങ്ങളോ പ്രത്യുപകാരങ്ങളോ ലഭിക്കുന്നുണ്ടോ എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. 5000 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ച് വൻകിട കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്ന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന കിറ്റുകൾ സ്വീകരിച്ചിട്ടും 250-ൽ താഴെ വിദ്യാർഥികൾക്കുമാത്രമാണ് വിതരണം ചെയ്‌തതത്രേ. മേയർ കെയർ പദ്ധതിയുടെ പേരിൽ രാജ്യാന്തര കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്നുപോലും സംഭാവനകൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. ഔദ്യോഗിക സംവിധാനങ്ങളെയും അംഗീകരിച്ച മാനദണ്ഡങ്ങളെയും മറികടന്ന് സ്വകാര്യ വാണിജ്യ -വ്യവസായ സ്ഥാപനങ്ങളിൽനിന്ന് സമ്മാനങ്ങളും സംഭാവനകളും സ്വീകരിക്കുന്നതിലൂടെ മേയർ കെയർ പദ്ധതിയുടെ സുതാര്യത ചോദ്യംചെയ്യപ്പെടുകയാണ്. ആരിൽനിന്ന് എന്തൊക്കെ സ്വീകരിച്ചു, അതിന്റെ മൂല്യം എത്ര, എന്ത് ആവശ്യത്തിനാണ് ഉപയോഗിച്ചത്, ആർക്കൊക്കെ വിതരണം ചെയ്‌തു തുടങ്ങിയ മുഴുവൻ വിവരങ്ങളും മേയർ വെളിപ്പെടുത്തണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ് പി ദീപക് ആവശ്യപ്പെട്ടു. പദ്ധതിയുടെപേരിൽ നടന്ന മുഴുവൻ സാമ്പത്തിക–വാണിജ്യ ഇടപാടുകളിലും സർക്കാർ അടിയന്തരമായി സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.









0 comments