മുൻ എഐ എഡിഎം കെ മന്ത്രി ആർ വൈത്തിലിംഗം ഡിഎംകെയിൽ, എൻഡിഎ ബാന്ധവത്തിൽ അതൃപ്തി

ചെന്നൈ:എഐഎഡിഎംകെ നേതാവും മുൻ മന്ത്രിയുമായ ആർ വൈത്തിലിംഗം ഡിഎംകെയിൽ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചു.ഒറത്തനാട് എംഎൽഎയായ വൈത്തിലിംഗം നിയമസഭയിൽ രാജി സമർപ്പിച്ച ശേഷമാണ് മാറ്റം പ്രഖ്യാപിച്ചത്.
ചെന്നൈയിലെ അറിവാലയത്തിൽ എത്തി മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ ഭരണകക്ഷിയിൽ അംഗത്വം എടുക്കുന്നതായി പ്രഖ്യാപിച്ചു.
ഒറത്തനാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വൈത്തിലിംഗം മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിന്റെ അറിയപ്പെടുന്ന അനുയായിയാണ്.നേരത്തെ,ആലങ്കുളം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ പിഎച്ച് മനോജ് പാണ്ഡ്യൻ ഡിഎംകെയിൽ ചേർന്നിരുന്നു.ഇരുവരും പനീര്‍സെൽവത്തിന്റെ ഏറ്റവും അടുപ്പക്കാരായാണ് അറിയപ്പെട്ടിരുന്നത്.
കുന്നം രാമചന്ദ്രൻ, വെള്ളമാണ്ടി നടരാജൻ എന്നിവരുൾപ്പെടെ മറ്റ് ഒപിഎസ് അനുയായികളും പാർട്ടിയിൽ ചേരുമെന്ന് ഡിഎംകെ ഓഫീസിൽ നിന്നുള്ള റിപ്പോർട്ടുകളുണ്ട്. നേരത്തെ, മുൻ എഐഎഡിഎംകെ നേതാവ് കെ എ സെങ്കോട്ടയ്യൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നിരുന്നു.
തഞ്ചാവൂരിലെ തീപ്പൊരി നേതാവ്,
എൻഡിഎ ബാന്ധവത്തിൽ അപ്രിയം
തഞ്ചാവൂരിലെ എഐഎഡിഎകെ ജില്ലാ സെക്രട്ടറിയായിരുന്ന ആർ വൈത്തിലിംഗം. 2001 മുതൽ 2016 വരെ, ഒറത്തനാട്ടിൽ നിന്നുള്ള എംഎൽഎ ആയി. ഇതേ മണ്ഡലത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 2016 ൽ രാജ്യസഭാ എംപിയായി. പിന്നീട്, രാജിവച്ച് 2021 ൽ വീണ്ടും ഒറത്തനാട് മണ്ഡലത്തിൽ മത്സരിച്ച് ജയിച്ചു.
2001 നും 2016 നും ഇടയിൽ മന്ത്രിയായി വനം, പരിസ്ഥിതി, ഭവനം, ഗ്രാമീണ ഭവന നിർമ്മാണം, നഗരവികസനം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു.
ജയലളിതയുടെ വിശ്വസ്തനായ ഡെൽറ്റ മേഖലാ നേതാവായി വൈത്തിലിംഗം കണക്കാക്കപ്പെട്ടിരുന്നു. പനീർസെൽവത്തിനും എടപ്പാടി കെ പളനിസ്വാമിക്കും ഇടയിൽ നേതൃത്വത്തിന്റെ പ്രശ്നം ഉയർന്നുവന്നപ്പോൾ, അദ്ദേഹം മുൻ നേതൃത്വത്തോടൊപ്പം ഉറച്ചുനിന്നു. തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് പനീർസെൽവത്തിന്റെ വിശ്വസ്ത അനുയായി ആയാണ് കണക്കാക്കപ്പെട്ടിരുന്നത്.
ബിജെപി നയിക്കുന്ന എൻഡിഎയിൽ പനീർസെൽവത്തിന് കാര്യമായ പിന്തുണയില്ലാത്ത സാഹചര്യമാണെന്ന് തുറന്നു പറഞ്ഞിരുന്നു. മുന്നണിയിൽ തുടരുന്നത് രാഷ്ട്രീയ ഭാവി നശിപ്പിക്കാൻ ബിജെപിയെ അനുവദിക്കലാവും എന്നും പറഞ്ഞു. വെള്ളമാണ്ടി നടരാജൻ, കുന്നം രാമചന്ദ്രൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
നിലവിൽ, തഞ്ചാവൂർ ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ ഏഴെണ്ണം ഡിഎംകെയുടെ നിയന്ത്രണത്തിലാണ്. ഇവയിൽ പലതും ഒരുകാലത്ത് എഐഎഡിഎംകെയുടെ ശക്തികേന്ദ്രങ്ങളായിരുന്നു. എഐഎഡിഎംകെയുടെ അവശേഷിച്ച ഏക മണ്ഡലമായിരുന്നു ഒറത്തനാട്.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തമിഴ് നാട് രാഷ്ട്രീയം പുതിയ സമവാക്യങ്ങളിലേക്ക് എത്തുകയാണ്.











0 comments