ലഖ്നൗവിലെ കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധ; നാല് കുട്ടികൾ മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിൽ കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിൽ ഭക്ഷവിഷബാധ. നാല് കുട്ടികൾ മരിച്ചതായാണ് റിപ്പോർട്ട്. 16 കുട്ടികൾ ചികിത്സയിലാണ്. ലഖ്നൗവിൽ പാര ഏരിയയിലാണ് സംഭവം. മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പാർപ്പിച്ചിരിക്കുന്ന കേന്ദ്രത്തിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
ചൊവ്വാഴ്ച വൈകുന്നേരം കേന്ദ്രത്തിൽ നിന്നും ഭക്ഷണം കഴിച്ച 20 കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻതന്നെ കുട്ടികളെ ലോക്ബന്ധു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയെ തുടർന്നാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. 12നും 17നും ഇടയിൽ പ്രായമുള്ള രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം പൊസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.
പുനരധിവാസ കേന്ദ്രത്തിൽ നിന്ന് പരിശോധനയ്ക്കായി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്തുന്നതിനായി കമ്മിറ്റി രൂപീകരിച്ചു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ആശുപത്രിയിലെത്തി കുട്ടികളുമായി സംസാരിച്ചു. ഷെൽട്ടർ ഹോമിലെ ബാക്കിയുള്ള കുട്ടികളുടെ ആരോഗ്യം നിരീക്ഷിക്കാൻ മെഡിക്കൽ സംഘത്തെ അയച്ചതായി അധികൃതർ അറിയിച്ചു. മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന 147 കുട്ടികളാണ് കേന്ദ്രത്തിൽ ഉള്ളതെന്ന് ജില്ലാ പ്രൊബേഷൻ ഓഫീസർ വികാസ് സിംഗ് പറഞ്ഞു.










0 comments