ad
Deshabhimani

ഭക്ഷണത്തിന്റെ പേരിൽ വിവേചനം; യുഎസിലെ ഇന്ത്യൻ പിഎച്ച്ഡി വിദ്യാർഥികൾക്ക് 1.8 കോടി രൂപ നഷ്ടപരിഹാരം

usstudents

ആദിത്യ പ്രകാശ്, പങ്കാളി ഊർമി ഭട്ടാചാര്യ

വെബ് ഡെസ്ക്

Published on Jan 15, 2026, 10:06 AM | 1 min read

വാഷിങ്ടൺ: ഭക്ഷണത്തിന്‍റെ പേരിൽ വിവേചനം നേരിട്ടതുമായി ബന്ധപ്പെട്ടുള്ള കേസിൽ യുഎസിലെ രണ്ട് ഇന്ത്യൻ പിഎച്ച് ഡി വിദ്യാർഥികൾക്ക് നഷ്ടപരിഹാരമായി 200,000 ഡോളർ (ഏകദേശം 1.8 കോടി രൂപ) ലഭിച്ചു. യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബൗൾഡറിലെ പിഎച്ച്ഡി വിദ്യാർഥികളായ ആദിത്യ പ്രകാശ്, പങ്കാളി ഊർമി ഭട്ടാചാര്യ എന്നിവർക്കാണ് സിവിൽ റൈറ്റ്സ് സെറ്റിൽമെൻ്റ് ആയി ഈ തുക ലഭിച്ചത്. ഇന്ത്യൻ ഭക്ഷണം കഴിച്ചതിന്റെ പേരിൽ ഇവർ നേരിട്ട വിവേചനത്തിന് പരിഹാരമായാണ് ഈ തുക അനുവദിച്ചത്.


2023ലെ പഠനകാലത്ത് ഡിപാർട്ട്മെന്റിലെ മൈക്രോവേവിൽ പ്രകാശ് തന്റെ ഉച്ചഭക്ഷണമായ പാലക് പനീർ ചൂടാക്കി. ഈ സമയം വനിതാ സ്റ്റാഫ് അംഗം അദ്ദേഹത്തിന്റെ അടുക്കലെത്തി ദുർഗന്ധത്തെക്കുറിച്ച് പരാതി പറയുകയും ഭക്ഷണം ചൂടാക്കാൻ മൈക്രോവേവ് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതൊരു പൊതുസ്ഥലമാണെന്നും ഉപയോഗിക്കാൻ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു പ്രകാശിന്റെ മറുപടി.


വാക്കുതർക്കം വഷളായതോടെ ആദിത്യ പ്രകാശിന്റെ പങ്കാളിയായ ഊർമി ഭട്ടാചാര്യ, ഇതിൽ ഉൾപ്പെടുകയും അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു."എൻ്റെ ഭക്ഷണം എൻ്റെ അഭിമാനമാണ്. അതിന്റെ മണം നല്ലതോ ചീത്തയോ എന്നത് സാംസ്കാരികമായി നിർണ്ണയിക്കപ്പെടുന്നതാണ്," ആദിത്യ പറഞ്ഞു. സംഭവത്തിൽ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതിന് സ്ഥാപനത്തിൽ നിന്നും തങ്ങൾക്ക് വിവേചനം നേരിട്ടതായി ദമ്പതിമാർ ആരോപിച്ചു. ഊർമിക്ക് തന്റെ അധ്യാപന ചുമതലകൾ വരെ നഷ്ടമായി.


തങ്ങൾക്ക് പിഎച്ച്ഡി അനുവദിക്കാൻ ഡിപാർട്ട്മെന്റ് വിസമ്മതിക്കുകയും കൂടി ചെയ്തതോടെയാണ് നിയമപരമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ആദിത്യ പറഞ്ഞു. ഇരുവരും സർവകലാശാലയ്ക്ക് എതിരെ വിവേചനവും പ്രതികാര നടപടികളും ആരോപിച്ച് സിവിൽ റൈറ്റ്‌സ് കേസ് ഫയൽ ചെയ്തു. 2025ൽ കേസിൽ ദമ്പതികൾ വിജയിച്ചതോടെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബൗൾഡർ ഇരുവർക്കും 200,000 ഡോളർ നൽകി കേസ് ഒത്തുതീർപ്പാക്കുകയും അവർക്ക് മാസ്റ്റേഴ്സ് ബിരുദങ്ങൾ നൽകുകയും ചെയ്തു. എന്നാൽ, യൂണിവേഴ്സിറ്റിയിൽ ഭാവിയിൽ പ്രവേശനം നേടുന്നതിനോ ജോലി ചെയ്യുന്നതിനോ ഇരുവർക്കും വിലക്കുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home