print edition ഇടതുപക്ഷ ആശയം ആരെയും ക്രിമിനലാക്കില്ലെന്ന് സുപ്രീംകോടതി; യുപി പൊലീസിനെ രൂക്ഷവിമര്‍ശനം


സ്വന്തം ലേഖകൻ
Published on May 18, 2026, 12:00 AM | 1 min read
ന്യൂഡൽഹി: നോയ്‍ഡയിലെ തൊഴിലാളി പ്രക്ഷോഭത്തിൽ പങ്കെടുത്തവർ ഭീകരരല്ലെന്നും, ഇടതുപക്ഷ ആശയം പിന്തുടരുന്നതിനാൽ ആരും ക്രിമിനലുകളാകുന്നില്ലെന്നും സുപ്രീംകോടതി. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന രണ്ടുപേരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാതെ പീഡിപ്പിക്കുന്നുവെന്ന ഹർജിയിലാണ് ജസ്റ്റിസ് ബി വി നാഗരത്നയുടെ ബെഞ്ചിന്റെ പരാമർശം. അടിസ്ഥാന അവകാശമായ മിനിമം വേതനം മാത്രമാണവർ ആവശ്യപ്പെട്ടതെന്നും അവർ ഭീകരരല്ലെന്നും പറഞ്ഞാണ് യുപി പൊലീസിനെ രൂക്ഷമായി വിമർശിച്ചത്.
സോഫ്‌റ്റ്‌വെയർ എന്‍ജിനീയറായ തമിഴ്‌നാട് സ്വദേശി ആദിത്യ ആനന്ദ്, നോയ്‍ഡയിലെ ഓട്ടോത്തൊഴിലാളി രൂപേഷ് റോയ് എന്നിവരുടെ ബന്ധുക്കളാണ് ഹർജി നൽകിയത്. ഇവരെ തിങ്കളാഴ്‌ച പകൽ രണ്ടിന് കോടതിയിൽ നേരിട്ട് ഹാജരാക്കാൻ യുപി സർക്കാരിനോട് ബെഞ്ച് ആവശ്യപ്പെട്ടു.
ഇവർ കടുത്ത കസ്റ്റഡി മർദനത്തിന് വിധേയരായെന്നും അറസ്റ്റിന്റെ കാരണം പോലും അറിയിച്ചില്ലെന്നും മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് കോടതിയെ അറിയിച്ചു. പൊലീസ് കസ്റ്റഡിയിൽ തുടരുന്നത് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞതോടെ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിലാക്കാൻ നിർദേശിച്ചു. കുറഞ്ഞ വേതനത്തിന് അമിത ജോലി ചെയ്യിച്ചതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ മാസം തൊഴിലാളികൾ തെരുവിലിറങ്ങിയത്.











0 comments