മഴക്കെടുതി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരിച്ചത് അമ്പതോളം പേർ

photo credit: X
ദിസ്പൂർ : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയിൽ മരിച്ചത് അമ്പതോളം പേർ. വിവിധ സംസ്ഥാനങ്ങളിലായി 46 പേർ മരിച്ചെന്ന് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 50 പേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അസം, അരുണാചൽ പ്രദേശ്, മേഘാലയ ജില്ലകളിലാണ് മഴയെത്തുടർന്ന് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. മഴ കനത്തതോടെ ഈ സംസ്ഥാനങ്ങളിൽ പലയിടത്തും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതാണ് സ്ഥിതി രൂക്ഷമാക്കിയത്.
അസമിൽ 19 പേരാണ് മഴക്കെടുതിയിൽ കൊല്ലപ്പെട്ടത്. തെക്കൻ അസമിലെ കാച്ചറിലും മധ്യ അസമിലെ നഗോൺ ജില്ലയിലും രണ്ട് പേർ മരിച്ചതോടെയാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നത്. കാച്ചർ ജില്ലയിൽ ഒരാളെ കാണാതായി. കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് അഞ്ച് പേർ മരിച്ചത്.
photo credit: X
അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (ASDMA) ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രതിദിന വെള്ളപ്പൊക്ക ബുള്ളറ്റിൻ പ്രകാരം, 21 ജില്ലകളിലായി 6.7 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ചൊവ്വാഴ്ച ഇത് 6.3 ലക്ഷമായിരുന്നു. 1,494 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നും 405 ദുരിതാശ്വാസ ക്യാമ്പുകളിലായി 41,317 പേർ താമസിക്കുണ്ടെന്നും ബുള്ളറ്റിനിൽ പറയുന്നു. ബ്രഹ്മപുത്രയും ബരാകും അടക്കമുള്ള നദികളിൽ ജലനിരപ്പ് ഉയർന്നുതന്നെ നിൽക്കുകയാണ്. കാസിരംഗ ദേശീയോദ്യാനത്തിന്റെ ചില ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഗുവാഹത്തിയിലും വെള്ളപ്പൊക്കം രൂക്ഷമായി.
കനത്ത മഴയെത്തുടർന്ന് അരുണാചൽ പ്രദേശിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 12 പേരാണ് മരിച്ചത്. ഈസ്റ്റ് കാമെങ്, ലോവർ സുബൻസിരി, ലോങ്ഡിംഗ്, ലോഹിത്, അൻജാവ് ജില്ലകളിലായാണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 12 പേർ മരിച്ചത്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തുടരുന്നതിനാൽ സ്ഥിതിഗതികൾ ഇപ്പോഴും ആശങ്കാജനകമാണ്. 23 ജില്ലകളിലായി 3,000ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി സംസ്ഥാന അടിയന്തര ഓപ്പറേഷൻ സെന്റർ (SEOC) സ്ഥിരീകരിച്ചു. തുടർച്ചയായ മഴയിൽ സിഗിൻ നദി കരകവിഞ്ഞൊഴുകിയതോടെ നിരവധി താമസസ്ഥലങ്ങൾ വെള്ളത്തിനടിയിലായി.
photo credit: X
മാഗി, സിജി എന്നിവയ്ക്ക് സമീപം ലികബാലി-ആലോ ഹൈവേ ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകളിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതോടെ വാഹന ഗതാഗതവും ദുരിതാശ്വാസ പ്രവർത്തനങ്ങളും തടസപ്പെട്ടു. മേഘാലയയിലും മിസോറാമിലും ആറുപേരാണ് മരിച്ചത്. ത്രിപുരയിൽ രണ്ടും നാഗാലാൻഡിൽ ഒരു മരണവും രേഖപ്പെടുത്തി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാകമാനമായി ആകെ 800ഓളം മണ്ണിടിച്ചിലുകളാണ് ഉണ്ടായത്. മിസോറാമിൽ മാത്രം 600ലധികം മണ്ണിടിച്ചിലുണ്ടായതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മണിപ്പുരിൽ ഇംഫാൽ താഴ്വരയിൽ 1.6 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. സിക്കിമിലും മണ്ണിടിച്ചിലും പ്രളയവും രൂക്ഷമായി. 1000ത്തോളം വിനോദസഞ്ചാരികളാണ് സിക്കിമിൽ കുടുങ്ങിക്കിടന്നത്. ഇവരെയെല്ലാം രക്ഷപെടുത്തി.









0 comments