മധ്യപ്രദേശിൽ സർക്കാർ ഹോസ്റ്റലിൽ നിന്ന് അഞ്ച് പെൺകുട്ടികളെ കാണാതായി

മുംബൈ : മധ്യപ്രദേശിൽ ഉമാരിയയിൽ സർക്കാർ നടത്തുന്ന സ്കൂൾ ഹോസ്റ്റലിൽ നിന്ന് അഞ്ച് പെൺകുട്ടികളെ കാണാതായി. കുട്ടികളെ കണ്ടെത്താൻ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചതായി അധികൃതർ പറഞ്ഞു. പാലി പട്ടണത്തിലെ ഗിഞ്ച്രി പ്രദേശത്തുള്ള ഗേൾസ് ഹോസ്റ്റലിൽ നിന്ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാർഥിനികളെ കാണാതായതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് നിവേദിത നായിഡു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശനിയാഴ്ച രാത്രി പെൺകുട്ടികൾ ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. എന്നാൽ രാവിലെ 8 മണിക്ക് പ്രഭാതഭക്ഷണത്തിന് എത്തിയില്ലെന്ന് ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡൻ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കാണാതായെന്ന് മനസിലായത്. പെൺകുട്ടികളിൽ ഒരാളുടെ നോട്ട്ബുക്കിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഒരു കുറിപ്പ് കണ്ടെത്തിയതായി എസ്പി നായിഡു പറഞ്ഞു.
പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ഹോസ്റ്റലിന്റെ ഗേറ്റ് തകർന്നിരുന്നുവെന്നും അതിർത്തി ഭിത്തി ഇല്ലായിരുന്നുവെന്നും ഹോസ്റ്റൽ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് കാരണമെന്നും കാണാതായ പെൺകുട്ടികളുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നും ആരോപണമുണ്ട്.









0 comments