ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി; ജാർഖണ്ഡിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

റാഞ്ചി: ജാർഖണ്ഡിൽ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച അഞ്ച് തലസീമിയ രോഗികൾക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വെസ്റ്റ് സിംഗ്ഭൂം ജില്ലാ സിവിൽ സർജനെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉത്തരവിട്ടു. സിംഗ്ഭൂം ജില്ലയിലെ ചൈബാസ സദർ സർക്കാർ ആശുപത്രിയിലാണ് സംഭവം.
ഏഴു വയസുകാരനാണ് കഴിഞ്ഞ ദിവസം ആദ്യം സ്ഥിരീകരിച്ചത്. എച്ച്ഐവി ബാധിതനായ രോഗിയുടെ രക്തമാണ് ഏഴുവയസുകാരന് നൽകിയതെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. വിഷയത്തിൽ അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചു. റാഞ്ചിയിൽ നിന്നുള്ള അഞ്ചംഗ മെഡിക്കൽ സംഘം നടത്തിയ അന്വേഷണത്തിൽ നാല് കുട്ടികൾക്ക് കൂടി എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
തുടർന്നാണ് ജാർഖണ്ഡ് സർക്കാർ നടപടിയെടുക്കുന്നത്. സംഭവത്തിൽ പങ്കുള്ള എല്ലാ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാനാണ് ഉത്തരവ്. ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ചതോടെ എച്ച്ഐവി ബാധിതരായ എല്ലാ കുട്ടികളുടേയും ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്നും 2 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്നും മുഖ്യമന്ത്രി ഹേമന്ത് സോറൻ എക്സിൽ കുറിച്ചു.
നേരത്തെ രോഗം സ്ഥിരീകരിച്ച ഏഴ്വയസുകാരന് ബ്ലഡ് ബാങ്കിൽ നിന്ന് 25 യൂണിറ്റ് രക്തം നൽകിയിട്ടുണ്ട്. എല്ലാ തലസീമിയ രോഗികൾക്കും നൽകാറുള്ളതുപോലെ സൗജന്യമായി രക്തം നൽകി. എന്നാൽ രക്തം സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം കുട്ടിയ്ക്ക് എച്ച്ഐവി ബാധ സ്ഥിരീകിരിച്ചു. എച്ച്ഐവി ബാധിതന്റെ രക്തം നൽകിയതിനാലാണ് കുട്ടിയിക്കും രോഗം സ്ഥിരീകരിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു.
വിഷയത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. സമഗ്രമായ അന്വേഷണത്തിന് ശേഷം സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മാഝി പറഞ്ഞു. കുട്ടിക്ക് രക്തം നൽകിയ ഓരോ രക്തദാതാവിനെയും കണ്ടെത്തി നിഗമനത്തിലെത്തും. രക്തദാതാക്കളിൽ എച്ച്ഐവി അണുബാധയുള്ളവരുണ്ടോ എന്നും പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ഡോ. മാഝി നേരത്തെ അറിയിച്ചിരുന്നു.










0 comments