ഒരു മാസത്തിനിടെ രണ്ടാമത്തെ അപകടം
ലൂബ്രിക്കൻ്റ് ഫാക്ടറിക്ക് തീ പിടിച്ചു, രണ്ട് തൊഴിലാളികൾ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിലെ പിതംപൂരിലുള്ള ലൂബ്രിക്കന്റ് ഓയിൽ ഫാക്ടറിയിൽ തീപ്പിടിത്തത്തെ തുടർന്ന് രണ്ട് യുവതൊഴിലാളികൾ മരിച്ചു. അനവധി പേർ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സ തേടി. ഒരു മാസത്തിനകം രണ്ടാമത്തെ അപടകമാണ്.
ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ പിതംപൂർ വ്യാവസായിക മേഖലയിലെ സെക്ടർ 3 ൽ സ്ഥിതി ചെയ്യുന്ന ശിവം ഇൻഡസ്ട്രീസിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.
ഫാക്ടറി വളപ്പിൽ ഒരു ടാങ്കറിന് തീപിടിച്ചു. തുടർന്ന് തീ മറ്റുഭാഗങ്ങളിലേക്കും പടരുകയായിരുന്നു.
നീരജ് (23), കൽപേഷ് (35) എന്നിവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ടാങ്കർ ഡ്രൈവർ മനോജ് ഝാ, ഫയർ ഫൈറ്റർ ദിലീപ് സിംഗ് യാദവ് എന്നിവർ ചികിത്സയിലാണ്.
വിവരം ലഭിച്ചതിനെത്തുടർന്ന് ഇൻഡോറിൽ നിന്നും പിതംപൂരിൽ നിന്നും നാല് ഫയർ ബ്രിഗേഡ് വാഹനങ്ങൾ സ്ഥലത്തെത്തി. നാല് മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒരു മാസത്തിനിടെ രണ്ടാമത്തെ അപകടം
പിതംപൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ ലൂബ്രിക്കന്റ് ഫാക്ടറിയിൽ സപ്തംബർ ഏഴിന് ഗ്യാസ് ചേമ്പർ വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ ശ്വാസംമുട്ടി മരണപ്പെട്ടിരുന്നു. സുനിൽ (35), ദീപക് (30), ജഗദീഷ് എന്നീ യുവാക്കളാണ് മരിച്ചത്. മൂവരും പിതാംപൂർ ഇൻഡസ്ട്രിയൽ ടൗണിലെ താമസക്കാരാണ്. ഗുരുതരാവസ്ഥയിലായ മറ്റൊരു തൊഴിലാളി ചികിത്സയിൽ തുടരുകയാണ്.
നാല് തൊഴിലാളികൾ ശുചീകരണ ആവശ്യങ്ങൾക്കായി ഓരോരുത്തരായി ഗ്യാസ് ചേമ്പറിലേക്ക് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. ചേമ്പറിൽ നിന്ന് പെട്ടെന്ന് അസഹ്യമായ വാതകം പുറത്തുവന്നത് അവരെ അബോധാവസ്ഥയിലാക്കി.
ഫാക്ടറി മാനേജ്മെന്റ് മരണം മറച്ചു വെച്ചത് വിവാദമായിരുന്നു. നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്.









0 comments