ഫിദൽ കാസ്ട്രോയുടെ ജന്മശതാബ്ദി: ബംഗളൂരുവിൽ ചിത്രപ്രദർശനം

പിഐ എം കർണാടക സംസ്ഥാന സെക്രട്ടറി കെ പ്രകാശ് പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
ബംഗളൂരു: ക്യൂബൻ വിപ്ലവ നേതാവ് ഫിദൽ കാസ്ട്രോയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ബംഗളൂരുവിൽ ചിത്രപ്രദർശനം. മടിവാളയിലെ സ്റ്റാലിൻ സെന്ററിലാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ചവരെയാണ് പ്രദർശനം. പൊതുജനങ്ങൾക്കും പ്രദർശനം സന്ദർശിക്കാവുന്നതാണ്. ഫിഡൽ കാസ്ട്രോയ്ക്ക് ആദരമർപ്പിച്ച് ലോകമെമ്പാടുമുള്ള കലാകാരന്മാരിൽ നിന്ന് ലഭിച്ച സൃഷ്ടികളാണ് പ്രദർശനത്തിന്റെ പ്രധാന ആകർഷണം.
വർക്കേഴ്സ് ലൈബ്രറിയും, യങ് സോഷ്യലിസ്റ്റ് ആർട്ടിസ്റ്റ്സ് വൈഎസ്‌എയും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ആഗസ്ത് 13ന് നടന്ന ചടങ്ങിൽ സിപിഐ എം കർണാടക സംസ്ഥാന സെക്രട്ടറി കെ പ്രകാശ് പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഉട്ടോപിക്സ് സംഘടിപ്പിച്ച FIDELx100 Worldwide Art Call ന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒരുക്കിയ 100 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫിദൽ കാസ്ട്രോയെയും അദ്ദേഹത്തിന്റെ വിപ്ലവ പാരമ്പര്യത്തെയും വിവിധ കലാകാരന്മാരുടെ വ്യത്യസ്ത കലാവിഷ്കാരങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് പ്രദർശനം.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വസന്ത്‌രാജ്, ബാലകൃഷ്ണ ഷെട്ടി, സിപിഐ എം ഐ ടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി അംഗം സഖാവ് ചിത്ര ഭാനു, സിഐടിയു ബെംഗളൂരു സൗത്ത് സെക്രട്ടറി ലിംഗരാജു ,വൈഎസ്‌എ പ്രതിനിധി ജുനൈന മുഹമ്മദ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.










0 comments