print edition എഫ്‌സിആർഎ ചട്ടഭേദഗതി: ലക്ഷ്യം ന്യൂനപക്ഷ വേട്ട

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമച്ചട്ടങ്ങളിൽ മോദിസർക്കാർ കർശനഭേദഗതികൾ കൊണ്ടുവന്നത് ന്യൂനപക്ഷ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെയും സംഘടനകളെയും ഉന്നമിട്ട്. പുതിയ വിജ്ഞാപനമനുസരിച്ച്, പൊതു ഉദ്ദേശലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ സംഘടനകൾക്ക് വിദേശസംഭാവന സ്വീകരിക്കാനാകില്ല. മതം, സംസ്‌കാരം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ പ്രധാന മേഖലകളിൽ കേന്ദ്രം നിശ്‌ചയിച്ച 105 നിർദിഷ്‌ട പ്രവർത്തനങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കണം.
നിലവിലെ സംഘടനകൾ ഒരുവർഷത്തിനകം തീരുമാനമറിയിക്കണം. ഏതെല്ലാം മേഖലകളിലാണ് പ്രവർത്തിക്കാനാഗ്രഹിക്കുന്നതെന്നും വിശദീകരിക്കണം. 105 പ്രവർത്തനങ്ങളിൽ ഒന്നിലധികം തെരഞ്ഞെടുക്കാനും ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കാനും പ്രത്യേകം ഫീസ് നല്‍കണം. പ്രവർത്തന റിപ്പോർട്ട്, വാർഷിക റിട്ടേൺ തുടങ്ങിയവയ്‌ക്കൊപ്പം സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ, കൂടുതൽ സംഭാവനകൾ നൽകുന്നവരുടെ വിവരം, ഇടനിലക്കാർ വഴിയുള്ള ഫണ്ടിന്റെ ഉറവിടം തുടങ്ങിയവയും സമർപ്പിക്കണം.
വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഘട്ടംഘട്ടമായി ലഭിക്കുന്ന വിദേശസംഭാവന ഇല്ലാതാക്കാനുള്ള വ്യവസ്ഥയും വിജ്ഞാപനത്തിലുണ്ട്. ലഭിച്ച തുകയുടെ 75 ശതമാനമെങ്കിലും കൃത്യമായി വിനിയോഗിച്ചെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തിയാലേ അടുത്ത ഗഡുവിന് അനുമതി ലഭിക്കു. വിദേശപൗരർ നിർണായക പദവികളിലുള്ള സംഘടനകൾക്ക് രജിസ്ട്രേഷന്‍ നല്‍കില്ല.സംഘടന നിഷ്‌ക്രിയമെന്ന് ബോധ്യപ്പെട്ടാൽ ലൈസൻസ് റദ്ദാക്കും. ഇൗ വ്യവസ്ഥയും വിദേശ ഫണ്ട് മതപരിവർത്തനത്തിന് ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടവും ദുരുപയോഗിക്കാൻ സാധ്യതയേറെ.
രാജ്യത്ത് രജിസ്റ്റർചെയ്യാതെ പ്രവര്‍ത്തിക്കുന്ന ആർഎസ്‌എസിന്റെ പ്രവർത്തനങ്ങളിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ള എഫ്‌സിആർഎ ചട്ട ഭേദഗതി.
എഫ്‌സിആർഎ ചട്ടങ്ങൾ കർശനമാക്കിയ നടപടി; പ്രതിഷേധവുമായി സിബിസിഐ
വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആർഎ) ചട്ടങ്ങൾ കൂടുതൽ കർശനമാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ കടുത്ത പ്രതിഷേധവുമായി കാത്തലിക് ബിഷപ്പ്‌സ് കോൺഫ്രൻസ് ഓഫ് ഇന്ത്യ (സിബിസിഐ). ചട്ടഭേദഗതികളെകുറിച്ച് ചർച്ച ചെയ്യാൻ സിബിസിഐ അടിയന്തിര യോഗം വിളിച്ചു. കടുത്ത പ്രതിഷേധവും വിയോജിപ്പും രേഖപ്പെടുത്തി കേന്ദ്രസർക്കാരിന് കത്ത് നൽകും. നിയമവഴികൾ തേടുന്നതിെ ആലോചിക്കുന്നു. ഒരോ ദിവസവും നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുന്നത് വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടി ജനറൽ മാത്യു കോയിക്കൽ പ്രതികരിച്ചു.
രാജ്യത്ത് എൻജിഒകൾക്ക് പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യങ്ങളാണ്. ഒരോ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നതിന് പ്രത്യേകം ലൈസൻസ് വേണമെന്ന വ്യവസ്ഥ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.
രണ്ട് വർഷത്തിനുള്ളിൽ 10 ലക്ഷം രൂപയെങ്കിലും ചെലവിട്ടിരിക്കണമെന്നത് പോലെയുള്ള വ്യവസ്ഥകൾ നടപ്പാക്കാൻ പല ചെറിയ സംഘടനകൾക്ക് സാധിച്ചെന്ന് വരില്ല. ആരോഗ്യമേഖലയിലെ വിദേശസംഭാവന സ്വീകരിക്കുന്നതിനെക്കുറിച്ച് പുതിയ വിജ്ഞാപനത്തിൽ പരാമർശമില്ല. എഫ്‌സിആർഎ വിഷയത്തിൽ ആഭ്യന്തരമന്ത്രി അമിത്‌ഷായെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടിക്കാഴ്‌ച്ചയ്‌ക്ക് ഇനിയും പരിശ്രമിക്കും. മതപരിവർത്തനം നിരോധിക്കുന്ന വ്യവസ്ഥകൾ ഏത് രീതിയിലാണ് വ്യഖാനിക്കാൻ പോകുന്നതെന്ന കാര്യം അറിയില്ല.
കേന്ദ്രമന്ത്രിസഭയിൽ ക്രിസ്‌ത്യൻ പ്രാതിനിധ്യം ഇല്ലാത്തത് ആശങ്കാജനകമാണെന്നും മാത്യു കോയിക്കൽ പറഞ്ഞു. എഫ്‌സിആർഎ വിഷയത്തിലെ ആശങ്കകൾ അറിയിക്കാൻ 28ന് രാജ്യവ്യാപകമായി പ്രാർഥനാദിനം സംഘടിപ്പിക്കാൻ സിബിസിഐ നേരത്തെ തീരുമാനിച്ചിരുന്നു.










0 comments