print edition എഫ്‌സിആർഎ ബിൽ ജെപിസിക്ക്


എം അഖിൽ
Published on Aug 13, 2026, 01:30 AM | 1 min read
ന്യൂഡൽഹി: ന്യൂനപക്ഷ വിഭാഗത്തിന്റെ സ്ഥാപനങ്ങൾ ഏകപക്ഷീയമായി പിടിച്ചെടുക്കാനും എൻജിഒകളെ പൂർണമായും വരുതിയിലാക്കാനും കൊണ്ടുവന്ന എഫ്‌സിആർഎ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി)ക്ക് വിട്ടു. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകിയ അവകാശങ്ങൾ ഹനിക്കുന്ന ബിൽ പിൻവലിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി ജെപിസിക്ക് വിടുന്ന പ്രമേയം ലോക്‌സഭ ശബ്‌ദവോട്ടിൽ പാസാക്കി.
ബിൽ ന്യൂനപക്ഷ അവകാശങ്ങൾ പൂർണമായും ഹനിക്കുന്നതാണെന്ന് സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ബിൽ ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യമാണ് സർക്കാർ അംഗീകരിച്ചതെന്ന് സഭ നിയന്ത്രിച്ച ജഗദാംബിക പാൽ അവകാശപ്പെട്ടു. ന്യൂനപക്ഷങ്ങൾക്കതിരായ ഒരു വ്യവസ്ഥപോലും ബില്ലിൽ ഇല്ലെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അവകാശപ്പെട്ടു. എഫ്‌സിആർഎ രജിസ്‌ട്രേഷൻ റദ്ദാക്കപ്പെട്ടാൽ വിദേശസംഭാവനകളും അത് മുഖേനയുണ്ടാക്കിയ ആസ്‌തികളും കേന്ദ്രസർക്കാരിന് ഏറ്റെടുക്കാൻ അധികാരം നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടെ പലതും ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്. മാർച്ച് 25ന് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തുടർനടപടി നീട്ടിവച്ചു. ജെപിസിക്ക് വിട്ടതുകൊണ്ടുമാത്രം ആശങ്ക പരിഹരിക്കപ്പെടില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ലോക്‌സഭാ സ്‌പീക്കർ നാമനിർദേശം ചെയ്യുന്ന 21 അംഗങ്ങളും രാജ്യസഭാ അധ്യക്ഷൻ നിർദേശിക്കുന്ന 10 അംഗങ്ങളും ഉൾപ്പെടുന്ന ജെപിസിയുടെ പരിഗണനയ്‌ക്ക് വിടുന്ന പ്രമേയം ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ചു. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യആഴ്‌ചയിലെ അവസാനദിവസം ജെപിസി റിപ്പോർട്ട് സമർപ്പിക്കും.
ഓരോ പാർടിയുടെയും അംഗബലത്തിന് ആനുപാതികമായാണ് ജെപിസിയിലെ പ്രാതിനിധ്യം നിശ്ചയിക്കുന്നത്. ബില്ലുമായി ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിഞ്ഞശേഷം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ശുപാർശ ചെയ്യും. ജെപിസി നിർദേശങ്ങൾ സർക്കാരിന് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം.









0 comments