കുറ്റവാളിയായ മകനെ വെടിവെച്ചു കൊന്ന പൊലീസിന് നന്ദി പറഞ്ഞ് അച്ഛൻ; പ്രതി കവർന്നത് 300 കിലോയിലധികം സ്വർണം

പ്രിൻസിന്റെ പിതാവ് നന്ദ് കിഷോർ സിങ്
പാട്ന: ഏറ്റുമുട്ടലിലൂടെ മകനെ വെടിവെച്ചു കൊന്ന പൊലീസിനു നന്ദി പറഞ്ഞ് അച്ഛൻ. ബിഹാറിലെ വൈശാലി ജില്ലയിലാണ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയായ പ്രിൻസിനെ പൊലീസ് വെടിവെച്ചു കൊന്നത്. മകനെ കൊന്നതിന് പ്രിൻസിന്റെ പിതാവ് നന്ദ് കിഷോർ സിങ് പൊലീസിന് നന്ദി പറഞ്ഞ് രംഗത്തെത്തി. പൊലീസ് നടപടിയെ ന്യായീകരിച്ച അദ്ദേഹം പൊലീസ് ചെയ്തത് പൂർണമായും ശരിയാണെന്നും അഭിപ്രായപ്പെട്ടു. മകനെ നേർവഴിക്ക് നടത്താൻ പരമാവധി ശ്രമിച്ചു, അവന്റെ ക്രിമിനൽ പ്രവർത്തനങ്ങളിൽ കുടുംബത്തിന് യാതൊരു ബന്ധവുമില്ലെന്നും നന്ദ് കിഷോർ മാധ്യമങ്ങളോടായി പറഞ്ഞു.
ബാങ്കുകളിൽ നിന്നും ജ്വല്ലറികളിൽ നിന്നും പ്രിൻസ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചിരുന്നു. ഇയാളുടെ പേരിൽ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചതിന് 31 കേസുകളാണുള്ളത്. ബിഹാർ, ബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി ആറ് സംസ്ഥാനങ്ങളിൽ നിന്നായി 300 കിലോയിലധികം സ്വർണാഭരണങ്ങൾ പ്രിൻസ് അംഗമായ സുധോദ് സിങ്ങിന്റെ കൊള്ള സംഘം മോഷ്ടിച്ചിട്ടുണ്ട്. കുടുംബത്തിന് അപമാനം വരുത്തുന്ന മകനെ കൊല്ലണമെന്ന് മുൻപും നന്ദ് കിഷോർ സിങ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പഠനകാലം മുതൽ പ്രിൻസ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു. മോശം കൂട്ടുകെട്ടാണ് മകനെ വഴി തെറ്റിച്ചതെന്ന് നന്ദ് കിഷോർ ആരോപിച്ചു.










0 comments