സഹോദരന്‍റെ മാർക്ക്ഷീറ്റ് തിരുത്തി; പുനെയിൽ ഒൻപത് വയസുകാരിയെ കൊലപ്പെടുത്തി അച്ഛൻ

പ്രതീകാത്മക ചിത്രം
മുംബൈ: പുനെയിൽ സഹോദരന്‍റെ മാർക്ക്ഷീറ്റ് തിരുത്തിയതിന് ഒൻപത് വയസുകാരിയെ കൊലപ്പെടുത്തി അച്ഛൻ. പുനെയിലെ ദ്യൂൾഗാവ് രാജെ ഗ്രാമത്തിലാണ് സംഭവം.
കൊലപാതകത്തിൽ അച്ഛനായ ശാന്താറാം ദുര്യോധൻ ചവാനെയും രണ്ടാനമ്മയായ ചിങ്കി ബോസ്ലെയെയും പൊലീസ് അറസ്റ്റ് ചെയ്തു. ശാന്താറാമിന്റെ ആദ്യവിവാഹത്തിലുള്ള മകളായ അനാമികയാണ് കൊല്ലപ്പെട്ടത്. സ്കൂൾ പരീക്ഷയിലെ മാർക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട് ആരംഭിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അടുത്തിടെ നടന്ന പരീക്ഷയിൽ അനാമികയ്ക്ക് രണ്ടാം റാങ്കും ശാന്താറാമിന്റെയും ചിങ്കിയുടെയും മകന് ഒന്നാം റാങ്കും ലഭിച്ചിരുന്നു. സഹോദരനുമായി താരതമ്യം ചെയ്ത് സംസാരിച്ചതിൽ നീരസം തോന്നിയ അനാമിക സ്കോർ കാർഡിലെ മാർക്കും റാങ്കും തിരുത്താൻ ശ്രമിച്ചു. തുടർന്ന് സഹോദരങ്ങൾക്കിടയിൽ വഴക്കുണ്ടാവുകയും ഇതിൽ ഇടപെട്ട ശാന്താറാം മകളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. വാക്കേറ്റം രൂക്ഷമാകുകയും മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് ഇയാൾ മകളെ കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകം മറച്ചുവെക്കാനായി കുട്ടിയുടെ മൃതദേഹം കത്തിക്കാൻ ദമ്പതികൾ ശ്രമിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ പാതി കരിഞ്ഞ മൃതദേഹമാണ് കണ്ടത്. മൃതദേഹം ഉടൻ തന്നെ ഡിഎൻഎ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കാരങ്ങൾക്കാണ് ചിങ്കി ബോസ്ലെയെ അറസ്റ്റ് ചെയ്തത്.










0 comments