ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ ഇരട്ടിയാവും; യുപിഐ വഴിയെങ്കിൽ 25 % അധികം, മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇനി ഇരട്ടി തുക ടോൾ നല്‍കേണ്ടി വരും. യുപിഐ വഴിയാണ് പണമടയ്ക്കുന്നതെങ്കിൽ സാധാരണ ടോൾ നിരക്കിന്റെ 25 ശതമാനം അധികവും ഈടാക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് തീരുമാനം. പുതിയ ഭേദഗതി നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും.
പുതിയ നിയമം വരുന്നതോടെ ഒരു വാഹനത്തിന് ഫാസ്റ്റാഗ് വഴി 100 രൂപ ടോൾ ഈടാക്കുമ്പോൾ, അത് പണമായി അടയ്ക്കുകയാണെങ്കിൽ 200 രൂപയും യുപിഎ വഴിയാണെങ്കിൽ 125 രൂപയുമാണ് ഈടാക്കുക. 2008 ലെ നാഷണല്‍ ഹൈവേ ഫീസ് നിയമങ്ങള്‍ ഭേദഗതി ചെയ്തത് പുതിയ രീതി കൊണ്ടുവരുന്നത്.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ടോള്‍ പ്ലാസകളില്‍ പണ ഉപയോഗം കുറയ്ക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ടോൾ പിരിവിൽ സുതാര്യത കൊണ്ടുവരിക, പിരിവ് പ്രക്രിയ ശക്തിപ്പെടുത്തുക, ദേശീയപാത ഉപഭോക്താക്കളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുക എന്നിവയും ലക്ഷ്യങ്ങളാണെന്ന് പ്രസ്താവനയിൽ പറയുന്നു.









0 comments