print edition വന്യജീവി ആക്രമണം : കൃഷിനാശത്തിന് ഇൻഷുറൻസ് പരിരക്ഷ

ന്യൂഡൽഹി
വന്യജീവി ആക്രമണത്തിൽ വിളനാശം, വെള്ളം കയറി നെൽകൃഷി നാശം എന്നിവ സംഭവിച്ചാൽ കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇതിനായി പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെ (ഫസൽ ബീമാ യോജന) വ്യവസ്ഥകൾ പരിഷ്‌കരിച്ചു. 2026 ഖാരിഫ് സീസൺ മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ച ആവശ്യമാണിത്.
വിള ഇൻഷുറൻസ് പദ്ധതിയുടെ മേഖലാതല അപകട വിഭാഗത്തിലാണ് വന്യജീവി ആക്രമണത്തെ തുടർന്നുള്ള വിളനാശം ഉൾപ്പെടുത്തിയിരിക്കുന്നത്. വെള്ളം കയറിയുള്ള നെൽകൃഷി നാശത്തിന് 2018 വരെ പരിരക്ഷയുണ്ടായിരുന്നു. വെള്ളത്തിൽ മുങ്ങിയ വിളയുടെ നഷ്ടം കണക്കാക്കൽ എളുപ്പമല്ലെന്ന കാരണത്താൽ നേരത്തെ ഒഴിവാക്കുകയായിരുന്നു.
നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ വിളനാശം സംഭവിച്ച് 72 മണിക്കൂറിനുള്ളിൽ വിള ഇൻഷുറൻസ് ആപ്പിൽ ജിയോടാഗ് ചെയ്‌ത ഫോട്ടോകൾ സഹിതം കർഷകർ റിപ്പോർട്ട് നൽകണം. വിളനാശത്തിന് ഇടയാക്കുന്ന വന്യജീവികളുടെയും ആക്രമണസാധ്യതയുള്ള ജില്ലകളുടെയും പട്ടിക സംസ്ഥാനങ്ങൾ തയ്യാറാക്കണം. ഇത്തരത്തിലുള്ള വിളനാശത്തിന് ഇൻഷുറൻസ് പരിരക്ഷ വേണമെന്ന വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് ഒരു സമിതിക്ക് മന്ത്രാലയം രൂപം നൽകിയിരുന്നു. സമിതിയുടെ ശുപാർശകൾ അംഗീകരിച്ചാണ് തീരുമാനം.










0 comments