print edition മോദി സർക്കാരിന്റെ ജനദ്രോഹനിയമങ്ങള്‍ ; മഹാപ്രക്ഷോഭത്തിന് കര്‍ഷകര്‍

ന്യൂഡൽഹി
കർഷകരുടെയും ഗ്രാമീണ തൊഴിലാളികളുടെയും അവകാശം കവരുന്ന ജനദ്രോഹ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ കേന്ദ്രസർക്കാരിനെതിരെ മഹാപ്രക്ഷോഭമെന്ന മുന്നറിയിപ്പുമായി സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). ഡൽഹിയിൽ സുർജിത് ഭവനിൽ ചേർന്ന ദേശീയകൗൺസിൽ യോഗം ഭാവിപ്രക്ഷോഭങ്ങൾക്ക് രൂപംനൽകി. രാജ്യത്തെ കാർഷികമേഖലയെ തകർക്കുന്ന വിത്ത് ബിൽ, വൈദ്യുതി മേഖലയെ പൂർണമായും സ്വകാര്യ മേഖലയ്‌ക്ക് തീറെഴുതുന്ന വൈദ്യുതി ഭേദഗതി ബിൽ, തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന വിബി ജിആർഎഎംജി നിയമം, തൊഴിലാളികളുടെ അവകാശം ഹനിക്കുന്ന ലേബർകോഡ് തുടങ്ങിയവയ്‌ക്കെതിരെ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്‌കെഎം നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആദ്യപടിയായി ഇൗ മാസം 16ന് പ്രതിരോധദിനം സംഘടിപ്പിക്കും. ജില്ലകൾ തോറും പ്രകടനങ്ങളും ബ്ലോക്ക്, ഗ്രാമ തലങ്ങളിൽ പൊതുയോഗവും നടത്തും. 19ന് ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ മഹാപഞ്ചായത്ത് സംഘടിപ്പിക്കും. റിപ്പബ്ലിക് ദിനത്തിൽ ട്രാക്‌ടർ, മോട്ടോർസൈക്കിൾ റാലികൾ ഏകോപിപ്പിച്ച് ‘പീപ്പിൾസ് മാർച്ച്’ നടത്തും. ഫെബ്രുവരി 12ലെ അഖിലേന്ത്യ പണിമുടക്കിൽ കർഷകരും കർഷകത്തൊഴിലാളികളും ഒറ്റക്കെട്ടായി അണിനിരക്കും. ഫെബ്രുവരി 24ന് ഹരിയാനയിൽ ചേരുന്ന ദേശീയ കൗൺസിലിൽ തുടർപ്രക്ഷോഭത്തിന്റെ രൂപരേഖ തയ്യാറാക്കും. ഒരോ സംസ്ഥാനങ്ങളിലും അതാത് സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭം ആസൂത്രണം ചെയ്യും. മോദിയും അമിത്‌ഷായും കേന്ദ്രസർക്കാരും സ്വപ്‌നം കാണാത്ത രീതിയിലുള്ള പ്രക്ഷാേഭങ്ങൾ നേരിടേണ്ടി വരും. ജനദ്രോഹനിയമങ്ങൾ സുഗമമായി നടപ്പാക്കാമെന്ന് കേന്ദ്രസർക്കാർ പ്രതീക്ഷിക്കരുത്. വിവാദബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്ന അടുത്തദിവസം മുതൽ കർഷകരും തൊഴിലാളികളും യുവജനങ്ങളും നേതൃത്വം നൽകുന്ന പടയണിയെ നേരിടേണ്ടി വരും. ഇന്ത്യൻ താൽപര്യങ്ങൾ തീറെഴുതുന്ന സ്വതന്ത്ര വ്യാപാരകരാറുകൾക്ക് എതിരെയും പോരാടും. ഫെഡറൽ തത്വങ്ങൾ ലംഘിച്ച് സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് കടന്നുകയറാനുള്ള നീക്കം പ്രതിരോധിക്കുമെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ എസ്‌കെഎം നേതാക്കളായ ഹന്നൻമൊള്ള, ജോഗീന്ദർ സിങ് ഉഗ്രഹാൻ, രാജൻ ക്ഷീർസാഗർ, പി കൃഷ്‌ണപ്രസാദ്, പ്രേംസിങ് ഗെഹ്‌ലാവത്ത്, ആശിഷ് മിതാഹൽ, ജോഗീന്ദർസിങ് നെയ്‌നെ, സിറാജുദീൻ ഖേദി, ദൽജീത്‌സിങ്, അശോക് ബെയ്‌ത്ത തുടങ്ങിയവർ പങ്കെടുത്തു.
ജെൻസി പ്രക്ഷോഭമല്ല, വേരുറപ്പുള്ള പോരാട്ടം
ചില രാജ്യങ്ങളിൽ നടക്കുന്നത് പോലെ ജെൻസി പ്രക്ഷോഭം സംഘടിപ്പിക്കാനല്ല ആലോചിക്കുന്നതെന്ന് എസ്‌കെഎം വ്യക്തമാക്കി. നിലവിലുള്ള അവകാശം ഹനിക്കപ്പെടുന്നതിനെതിരെ വേരുറപ്പുള്ള പ്രക്ഷോഭങ്ങളാണ് വരാൻ പോകുന്നത്. എല്ലാ അനുബന്ധ സംഘടനകളും സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റിയും ജനങ്ങളെ സംഘടിപ്പിച്ച് രംഗത്തിറങ്ങും.










0 comments