പ്രതിഷേധവുമായി കർഷകർ തെരുവിൽ; ‘കിസാൻ ബച്ചാവോ പദയാത്ര’ തടഞ്ഞ് ഹരിയാന പൊലീസ്

ഹരിയാനയിലെ ഖനൗരി അതിർത്തിയിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുന്ന കർഷകർ | Image Credit : Facebook
ന്യൂഡൽഹി : രാജ്യത്തെ കാർഷിക മേഖലയെ അമേരിക്കക്ക് തീറെഴുതി കൊടുക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ വീണ്ടും കർഷകരോഷം ഇരമ്പുന്നു. അമേരിക്കയിൽ നിന്നുള്ള കാർഷികോല്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്കെത്തിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യ - യുഎസ് വാണിജ്യ കരാറിനെതിരെയാണ് കർഷകർ 'കിസാൻ ബച്ചാവോ പദയാത്ര' ആരംഭിച്ചത്. സമാധാനപരമായ പ്രതിഷേധവുമായി ന്യൂഡൽഹിയിലേക്ക് മാർച്ച് നടത്തിയ കർഷകരെ ബിജെപി ഭരിക്കുന്ന ഹരിയാന സർക്കാർ ഖനൗരി അതിർത്തിയിൽ പൊലീസിനെ ഉപയോഗിച്ചാണ് നേരിട്ടത്.
പഞ്ചാബ് - ഹരിയാന അതിർത്തിയിലെ നിന്നും ന്യൂഡൽഹിയിലെ ജന്തർമന്ദറിലേക്ക് 228 കിലോമീറ്റർ കാൽനടയായി പ്രതിഷേധ മാർച്ച് നടത്താനാണ് കർഷകർ തീരുമാനിച്ചിരുന്നത്. സംയുക്ത കിസാൻ മോർച്ച നേതാവ് ജഗ്‌ജിത് സിങ് ഡല്ലെവാളിന്റെ നേതൃത്വത്തിൽ 51 കർഷകർ മാത്രം പങ്കെടുക്കുന്ന പദയാത്രയാണ് പൊലീസ് തടഞ്ഞത്.
ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങളുടെ ഭാഗമാണിതും. കോൺക്രീറ്റ് ബാരിക്കേഡുകൾ, മുള്ളുവേലികൾ, ജലപീരങ്കികൾ എന്നിവ നിരത്തിയാണ് കർഷകരെ തടഞ്ഞത്. യാത്രക്ക് അനുമതിയില്ലെന്ന് പൊലീസ് പറഞ്ഞതോടെ കർഷകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്.
രാജ്യത്തെ കർഷകരെ വീണ്ടും സമരമുഖത്തേക്ക് നയിച്ചതിന്റെ പ്രധാന കാരണം കേന്ദ്ര സർക്കാർ അമേരിക്കയുമായി ഒപ്പുവെക്കാൻ പോകുന്ന പുതിയ വ്യാപാര കരാറിലെ വ്യവസ്ഥകളാണ്. അമേരിക്കൻ കോർപ്പറേറ്റ് കർഷകരുടെ ഉല്പന്നങ്ങൾ ഇറക്കുമതി തീരുവയില്ലാതെ ഇന്ത്യയിലെത്തുന്നതോടെ രാജ്യത്തെ ചെറുകിട കർഷകർക്ക് വരുമാനമില്ലാതാവും. അമേരിക്കയിലെ സർക്കാർ സബ്‌സിഡി ലഭിക്കുന്ന ഈ ഉല്പന്നങ്ങൾ ചെറിയ വിലക്ക് വിപണിയിലെത്തിയാൽ അത് രാജ്യത്തെ കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കും. സോയാബീൻ എണ്ണ, പഴവർഗ്ഗങ്ങൾ, നട്സ്, മൃഗങ്ങൾക്കുള്ള തീറ്റകൾ തുടങ്ങി നിരവധി ഉല്പന്നങ്ങളാണ് ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് അമേരിക്കയിൽ നിന്ന് എത്തിക്കുന്നത്.
പാൽ, ഗോതമ്പ്, അരി തുടങ്ങിയവയെ കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രധാനമായും കാർഷിക മേഖലയെ ആശ്രയിക്കുന്ന ഒരു രാജ്യത്ത് വിദേശത്ത് നിന്ന് ഏത് ഉല്പന്നം വിലകുറഞ്ഞ് ലഭ്യമായാൽ അത് പ്രാദേശിക വിപണിയെയും കർഷകരെയും പൂർണമായി തകർക്കുമെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യയിലെ സാധാരണ കർഷകരെ ഇരയാക്കുകയാണ് കേന്ദ്രസർക്കാർ.
താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകുക, എംഎസ് സ്വാമിനാഥൻ കമ്മീഷൻ നിർദേശിച്ച സി2+50 ഫോർമുല നടപ്പിലാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, മുൻ സമരങ്ങളിൽ കർഷകർക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളും ഈ പദയാത്ര ഉന്നയിക്കുന്നു.
ഹരിയാന സർക്കാർ ഉദ്യോഗസ്ഥരുമായി കർഷകർ മൂന്ന് വട്ടം ചർച്ച നടത്തിയെങ്കിലും ഫലം കാണാത്തതിനാലാണ് പ്രതിഷേധവുമായി മുന്നോട്ടെത്തിയത്. വ്യാപാര കരാർ ഹരിയാന മുഖ്യമന്ത്രിയുടെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലാത്തതിനാൽ കേന്ദ്ര കൃഷിമന്ത്രിയുമായി ചർച്ചയ്ക്ക് അവസരമൊരുക്കണമെന്നാണ് ജഗ്‌ജിത് സിങ് ഡല്ലെവാൾ ആവശ്യപ്പെടുന്നത്. അധികാരം ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്തി കർഷക ശബ്ദം ഇല്ലാതാക്കാമെന്നത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണെന്നും, അവകാശങ്ങൾ നേടിയെടുക്കും വരെ ഖനൗരിയിൽ സമരം തുടരുമെന്നും കർഷകർ വ്യക്തമാക്കി.










0 comments