Deshabhimani

എസ്‌കെഎം പ്രതിനിധികൾ നിരാഹാര സമരം തുടരുന്ന ദല്ലേവാളിനെ സന്ദർശിച്ചു

ഐക്യത്തോടെ കര്‍ഷകര്‍ ; എസ്‌കെഎം പ്രതിനിധിസംഘം ദല്ലേവാളിനെ സന്ദർശിച്ചു

skm leaders khannouri

ജഗജിത് സിംഗ് ദല്ലേവാളിനെ കാണാൻ സമരപ്പന്തലിൽ എത്തിയ സംയുക്ത കിസാൻ മോർച്ച നേതാക്കൾ 
 ഫോട്ടോ പി വി സുജിത്

വെബ് ഡെസ്ക്

Published on Jan 11, 2025, 12:00 AM | 1 min read


ന്യൂഡൽഹി

മോദിസർക്കാർ നയങ്ങൾക്കെതിരായ ഐക്യപ്രക്ഷാേഭം ശക്തമാക്കാൻ സംയുക്ത കിസാൻ മോർച്ച(എസ്‌കെഎം) നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി എസ്‌കെഎം പ്രതിനിധിസംഘം പഞ്ചാബ് ഹരിയാന അതിർത്തിലെ ഖന്നൗരിയിലെത്തി കർഷകനേതാവ്‌ ജഗ്‌ജീത്‌ സിങ്‌ ദല്ലേവാളിനെ സന്ദർശിച്ചു. 15ന്‌ പാട്യാലയിൽ കർഷകസംഘടനകളുടെ സംയുക്തയോഗത്തിലേക്ക്‌ ദല്ലേവാൾ നയിക്കുന്ന എസ്‌കെഎം(രാഷ്‌ട്രീയേതരം) വിഭാഗത്തെ ക്ഷണിച്ചു. കിസാൻ മഹാപഞ്ചായത്ത്‌ തീരുമാനപ്രകാരമാണ്‌ എസ്‌കെഎം സംഘം ദല്ലേവാളിനെ സന്ദർശിച്ചത്‌. കിസാൻ മസ്‌ദൂർ സംഘർഷ്‌ മോർച്ച, എസ്‌കെഎം(രാഷ്‌ട്രീയേതര വിഭാഗം) ഇതര നേതാക്കളുമായും ചർച്ച നടന്നു.


പി കൃഷ്‌ണപ്രസാദ്‌, ജഗ്‌ബീർസിങ്‌ ചൗഹാൻ, ബൽബീർസിങ്‌ രജേവാൾ, രമീന്ദർസിങ്‌ പാട്യാല, ദർശൻപാൽ, ജൊഗീന്ദർസിങ്‌ എന്നിവരാണ്‌ എസ്‌കെഎം സംഘത്തിൽ ഉണ്ടായിരുന്നത്‌.


വിളകൾക്ക്‌ ആദായകരമായ മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നവംബർ 26 മുതൽ നിരാഹാരസമരത്തിലാണ്‌ ദല്ലേവാൾ. ഡൽഹി ചലോ മാർച്ച്‌ നടത്തിയ ദല്ലേവാളിനെയും സഹപ്രവർത്തകരെയും പഞ്ചാബ്‌–-ഹരിയാന അതിർത്തിയായ ശംഭുവിലും ഖന്നൗരിയിലും ഹരിയാന പൊലീസ്‌ തടഞ്ഞുവച്ചിരിക്കയാണ്‌.


മിനിമം താങ്ങുവില, കാർഷിക കടാശ്വാസ പദ്ധതി, 2020ലെ സമരത്തെതുടർന്ന്‌ കേന്ദ്രം നൽകിയ മറ്റ്‌ ഉറപ്പുകൾ എന്നിവ നേടിയെടുക്കാൻ കൂട്ടായ പ്രക്ഷോഭം തുടരുമെന്ന്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home