വിദ്യാർഥികൾക്ക് ഐക്യദാർഢ്യം
print edition വ്യാപാര കരാറുകൾക്കെതിരെ പ്രതിഷേധിച്ച് കർഷകർ

പഞ്ചാബിൽ നടന്ന കർഷക പ്രതിഷേധം

സ്വന്തം ലേഖകൻ
Published on Jul 23, 2026, 12:00 AM | 1 min read
ന്യൂഡൽഹി : യൂറോപ്യൻ യൂണിയന് പുറമേ ബ്രിട്ടൻ, ന്യൂസിലാൻഡ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ കേന്ദ്രസർക്കാർ ഒപ്പിടുന്നതിനെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകർ രാജ്യവ്യാപകമായി പ്രതിഷേധിച്ചു. ഇന്ത്യ–യുഎസ് സ്വതന്ത്ര വ്യാപാര കരാറിനെതിരെയും പ്രതിഷേധിച്ചു.
കോർപറേറ്റ് താൽപര്യം മാത്രം സംരക്ഷിച്ചും ആഭ്യന്തര കർഷകരുടെ നട്ടെല്ലൊടിക്കുന്നതുമായ കരാറുകളിൽ ഏർപ്പെടുന്നതിൽ പ്രതിഷേധിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും കോലം കത്തിച്ചു.
ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് മാർച്ച് നടത്തിയ വിദ്യാർഥികളെ ഡൽഹി പൊലീസ് തല്ലിച്ചതച്ചതിലും വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കർഷകർ പ്രതിഷേധത്തിൽ പങ്കെടുത്തു. ഹരിയാനയിലെ റോത്തക്കിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉപരോധിച്ചു. പഞ്ചാബ്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ആന്ധ്ര, രാജസ്ഥാൻ, ബംഗാൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധമുണ്ടായി.
മുംബൈയിലെ ആസാദ് മൈതാനത്ത് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് അയ്യായിരത്തോളം കർഷകർ പ്രതിഷേധിച്ചു. റാലിയിൽ മാധ്യമപ്രവർത്തകൻ പി സായ്‌നാഥ്, കിസാൻ സഭ അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്‌ലെ, സംസ്ഥാന സെക്രട്ടറി ജനറൽ സെക്രട്ടറി ഡോ. അജിത് നാവ്‌ലെ, വിനോദ് നിക്കോളെ എംഎൽഎ തുടങ്ങിയവർ സംസാരിച്ചു. ലോൺ എഴുതിത്തള്ളൽ, കടാശ്വാസം, വിള ഇൻഷുറൻസ് തുടങ്ങിയ പ്രശ്‌നങ്ങൾ റവന്യൂമന്ത്രി ചന്ദ്രശേഖർ ബവൻകുലെ, കൃഷി മന്ത്രി ദത്താത്രേ ഭാർനെ എന്നിവരുമായി നേതാക്കൾ ചർച്ച ചെയ്‌തു. വിഷയം പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകി.










0 comments