ad
Deshabhimani

ട്രംപിന്‌ ആഘോഷം; മോദിക്ക്‌ മ‍ൗനം

print edition കർഷക രോഷമുയരുന്നു ; വിപുലമായ പ്രക്ഷോഭമെന്ന്‌ സംയുക്ത കിസാൻ മോർച്ച

farmers protest against India Us Trade Agreement
വെബ് ഡെസ്ക്

Published on Feb 05, 2026, 03:21 AM | 2 min read


ന്യൂഡൽഹി

കാർഷിക മേഖലയ്‌ക്ക്‌ ആഘാതമാകുന്ന ഇന്ത്യ– യുഎസ്‌ വ്യാപാര കരാറിനെതിരായി രാജ്യവ്യാപകമായി കർഷകരോഷം അണപൊട്ടുന്നു. സംയുക്ത കിസാൻ മോർച്ചയുടെ അഖിലേന്ത്യ കിസാൻ സഭയുടെയും മറ്റും ആഹ്വാനത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ കർഷകർ ഗ്രാമങ്ങൾ തോറും കരാറിനെതിരായ പ്രചാരണപ്രവർത്തനങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നു.


കാർഷികോൽപ്പന്നങ്ങൾ കരാറിന്റെ ഭാഗമായിട്ടുണ്ടെങ്കിൽ കാർഷിക നിയമങ്ങൾക്കെതിരായി സംഘടിപ്പിച്ച ഐതിഹാസിക സമരത്തിന്‌ സമാനമായ പ്രക്ഷോഭം രാജ്യമാകെ ഉയർത്തുമെന്ന്‌ സംയുക്ത കിസാൻമോർച്ച പ്രഖ്യാപിച്ചു.


കാർഷിക– ക്ഷീര മേഖലകളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചിട്ടുണ്ടെന്ന വാണിജ്യ മന്ത്രി പീയുഷ്‌ ഗോയലിന്റെ അവകാശവാദങ്ങളെ കിസാൻമോർച്ച തള്ളികളഞ്ഞു. കോടിക്കണക്കിന്‌ ജനങ്ങളുടെ ജീവിതോപാധിയെ ബാധിക്കുന്ന പ്രശ്‌നമായിട്ടും പ്രധാനമന്ത്രി മ‍ൗനം തുടരുകയാണ്‌. അമേരിക്കൻ കാർഷിക സെക്രട്ടറിയുടെ അവകാശവാദങ്ങൾക്ക്‌ വിരുദ്ധമാണ്‌ പീയുഷ്‌ ഗോയലിന്റെ പ്രസ്‌താവന. മോദി എക്കാലവും കർഷകരുടെ താൽപ്പര്യം സംരക്ഷിച്ചിട്ടുണ്ടെന്ന ഗോയലിന്റെ അവകാശവാദം അടിസ്ഥാനരഹിതമാണ്‌. വ്യക്തിപരമായി വലിയ വില നൽകേണ്ടി വന്നാലും കർഷകരുടെ താൽപ്പര്യം സംരക്ഷിക്കുമെന്ന്‌ കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പറഞ്ഞു.


എന്നാൽ ദിവസങ്ങൾക്കുള്ളിൽ പരുത്തിയുടെ ഇറക്കുമതി തീരുവ സർക്കാർ എടുത്തുകളഞ്ഞു. ഏറ്റവും കൂടുതൽ കർഷക ആത്‌മഹത്യകൾ നടക്കുന്ന പരുത്തി മേഖലയിൽ ഇത്‌ വലിയ പ്രത്യാഘാതം സൃഷ്ടിച്ചു. യുഎസിൽ നിന്നുള്ള പരുത്തി ഇറക്കുമതി ഇരട്ടിയിലേറെയായി വർധിച്ചു. ഇതാണ്‌ മോദിയുടെ കർഷകസ്‌നേഹം. വ്യാപാര കരാറിനെതിരായ പ്രതിഷേധം വരുംദിവസങ്ങളിലും തുടരും– കിസാൻമോർച്ച അറിയിച്ചു.


വര്‍ഷം 10,000 കോടി ഡോളറിന്റെ 
ഉൽപ്പന്നങ്ങൾ ഒഴുകും

​കരാർ പ്രകാരം അടുത്ത അഞ്ചുവർഷത്തേക്ക്‌ ഓരോ വർഷവും പതിനായിരം കോടി ഡോളറിന്റെ (ഏതാണ്ട്‌ ഒമ്പത്‌ ലക്ഷം കോടി രൂപ) ഉൽപ്പന്നങ്ങൾ വാങ്ങാമെന്ന ഉറപ്പാണ്‌ മോദി സർക്കാർ നൽകിയിരിക്കുന്നത്‌. കാർഷികോൽപ്പന്നങ്ങൾ, ടെക്‌നോളജി, ആണവ ഉപകരണങ്ങൾ, വിമാനങ്ങൾ, ക്രൂഡോയിൽ എന്നിവയുടെ ഇറക്കുമതിയാണ്‌ ഇന്ത്യ ഉറപ്പുനൽകിയിട്ടുള്ളത്‌. സാധാരണ വ്യാപാര കരാറുകളിൽ ഇത്തരത്തിൽ വ്യാപാര ‘അളവ്‌’ നിശ്ചയിക്കൽ പതിവുള്ളതല്ല. 
 നിലവിൽ അമേരിക്കയുമായി 3.69 ലക്ഷം കോടി രൂപയുടെ വ്യാപാരമിച്ചം ഇന്ത്യക്കുണ്ട്‌. എന്നാൽ, വർഷം ഒമ്പത്‌ ലക്ഷം കോടി രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങാമെന്ന ഉറപ്പ്‌ ഇന്ത്യ നൽകിയ സാഹചര്യത്തിൽ വ്യാപാര മേഖലയിൽ യുഎസിന്‌ മേലെയുണ്ടായിരുന്ന മേൽക്കൈ കൂടി നഷ്‌ടമാകും.


ട്രംപിന്‌ ആഘോഷം; മോദിക്ക്‌ മ‍ൗനം

ഇന്ത്യയുമായുള്ള വ്യാപാര കരാറിനെ വമ്പൻ വ്യാപാര നേട്ടമായി ആഘോഷിക്കുന്നത്‌ അമേരിക്ക തുടരുമ്പോഴും മോദി സർക്കാർ മ‍ൗനത്തിൽ. അമേരിക്കയുടെ കാർഷിക സെക്രട്ടറി ബ്രൂക്ക്‌ റോളിൻസിന്‌ പിന്നാലെ വൈറ്റ്‌ഹ‍ൗസ്‌ പ്രസ്‌ സെക്രട്ടറി കരോളിൻ ലെവിറ്റും ഇന്ത്യയുമായുള്ള കരാറിനെ അമേരിക്കയുടെ വ്യാപാര വിജയമായി വിശേഷിപ്പിച്ചു. അമേരിക്കയുടെ കാർഷികോൽപ്പന്നങ്ങൾക്ക്‌ ഇന്ത്യൻ വിപണി കൂടുതലായി തുറന്നുകിട്ടുമെന്ന്‌ ലെവിറ്റ്‌ പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നത്‌ ഇന്ത്യ നിർത്തും യുഎസിൽ നിന്ന്‌ കൂടുതലായി എണ്ണ വാങ്ങും വെനസ്വേലയിൽ നിന്നുള്ള എണ്ണയും ഇന്ത്യ വാങ്ങുമെന്നും ലെവിറ്റ്‌ പറഞ്ഞു.


അമേരിക്കയുടെ സാമ്പത്തികതാൽപ്പര്യങ്ങൾ സംരക്ഷിക്കും വിധമാണ്‌ കരാറിന്‌ രൂപം നൽകിയിട്ടുള്ളത്‌. ഉ‍ൗർജം, ടെക്‌നോളജി, കൽക്കരി, കൃഷി എന്നീ മേഖലകളിലായി 50000 കോടി യുഎസ്‌ ഡോളറിന്റെ ഉൽപ്പന്നങ്ങൾ അമേരിക്കയിൽ നിന്ന്‌ ഇന്ത്യ വാങ്ങും. അമേരിക്കൻ പ്രസിഡന്റ്‌ ട്രംപിന്റെ വ്യക്തിപരമായ ഇടപെടലാണ്‌ യുഎസിന്‌ നേട്ടമാകുന്ന കരാറിന്‌ വഴിയൊരുക്കിയത്‌. – അമേരിക്കൻ മാധ്യമങ്ങളോട്‌ ലെവിറ്റ്‌ പറഞ്ഞു.


അമേരിക്കൻ നേതൃത്വം ശക്തമായ അവകാശവാദങ്ങൾ മുന്നോട്ടുവെയ്‌ക്കുമ്പോഴും കാര്യമായ പ്രതികരണത്തിന്‌ കേന്ദ്ര ബിജെപി സർക്കാർ തയ്യാറായിട്ടില്ല. കാർഷിക– ക്ഷീര മേഖലയുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുള്ളതാണ്‌ കരാറെന്ന്‌ വാണിജ്യ മന്ത്രി പീയുഷ്‌ ഗോയൽ അവകാശപ്പെടുന്നുണ്ടെങ്കിലും വിശദാംശം പുറത്തുവിടാൻ സർക്കാരിന്‌ കഴിഞ്ഞിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home