print edition തൊഴിലുറപ്പ് അട്ടിമറി ; ഫെബ്രുവരി 2ന് രാജ്യവ്യാപക പ്രക്ഷോഭം

അഗർത്തലയിൽ അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ കൺവൻഷനിൽ പ്രസിഡന്റ് എ വിജയരാഘവൻ സംസാരിക്കുന്നു
ന്യൂഡൽഹി
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയർത്തി ഫെബ്രുവരി രണ്ടിന് അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭം. അഗർത്തലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ചേർന്ന യൂണിയൻ ജനറൽ കൗൺസിൽ യോഗമാണ് തീരുമാനിച്ചത്. തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്ന ദിവസം കൂടിയായ ഫെബ്രുവരി രണ്ടിന് ഒരു ലക്ഷത്തിലേറെ ഗ്രാമങ്ങളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കൊണ്ടുവന്ന വിബി ജിആർഎഎംജി നിയമം പിൻവലിക്കണമെന്നും കൂടുതൽ തൊഴിൽ ദിനങ്ങളോടെ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടാണ് രാജ്യവ്യാപക പ്രതിഷേധം.
തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയർത്തി അടുത്ത നാല് മാസം രാജ്യവ്യാപകമായി ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. കോടിക്കണക്കിന് ജനങ്ങളെ സമരപരിപാടികളിൽ അണിനിരത്തും.
ഫെബ്രുവരി 12ന് ട്രേഡ്‌യൂണിയനുകൾ സംഘടിപ്പിക്കുന്ന പണിമുടക്കിന് പൂർണമായ പിന്തുണയും കർഷകത്തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ചു. ജനറൽ കൗൺസിലിനുശേഷം ചേർന്ന കൺവൻഷനിൽ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ, ജനറൽ സെക്രട്ടറി ബി വെങ്കട്ട്, വി ശിവദാസൻ, വിക്രം സിങ് തുടങ്ങിയവർ സംസാരിച്ചു.
ട്രാക്‌ടർ പരേഡ് സംഘടിപ്പിക്കും
റിപ്പബ്ലിക് ദിനത്തിൽ പീപ്പിൾസ് മാർച്ചുമായി എസ്‌കെഎം
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ പീപ്പിൾസ് മാർച്ചുമായി സംയുക്ത കിസാൻ മോർച്ച. സംസ്ഥാന, ജില്ല, ബ്ലോക്ക് തലങ്ങളിലായി ട്രാക്‌ടർ പരേഡ്, വാഹന റാലികൾ എന്നിവ സംഘടിപ്പിക്കും. ഒൗദ്യോഗിക റിപ്പബ്ലിക് പരേഡിനെ ബാധിക്കാതെ തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും കൂട്ടിച്ചേർത്തായിരിക്കും പീപ്പിൾസ് മാർച്ച്. ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, ആവിഷ്‌കാര സ്വാതന്ത്ര്യം, പ്രതിഷേധിക്കാനുള്ള അവകാശം എന്നിവ സംരക്ഷിക്കുക എന്ന ആവശ്യങ്ങൾ മാർച്ചിലുയരും.
വൈദ്യുതി ഭേദഗതി ബിൽ, ലേബർ കോഡുകൾ, വിബി ജിആർഎഎംജി നിയമം, വിത്തുബിൽ, ശാന്തി ബിൽ, ഇൻഷുറൻസ് ബിൽ, ദേശീയ വിദ്യാഭ്യാസ നയം തുടങ്ങിയ മുഴുവൻ കോർപറേറ്റ് അനുകൂല നിയമങ്ങൾ പിൻവലിക്കുക എന്നും ആവശ്യപ്പെടും. സോനം വാങ്‌ചുക്ക് ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെടും.










0 comments