ad
Deshabhimani

വാട്സ്ആപ്പ് ചാറ്റ് തെളിവാക്കി വിവാഹമോചനം അനുവദിക്കാനാവില്ല: ബോംബെ ഹൈക്കോടതി

mumbai
വെബ് ഡെസ്ക്

Published on Mar 04, 2026, 04:18 PM | 1 min read

മുംബൈ: വാട്സ്ആപ്പ് ചാറ്റുകൾ തെളിവാക്കി ഭാര്യയുടെ ക്രൂരത ആരോപിച്ച് ഭർത്താവ് നൽകിയ വിവാഹമോചന ഹർജി ബോംബെ ഹൈക്കോടതി തള്ളി. ചാറ്റുകൾ മാത്രം അടിസ്ഥാനമാക്കി ക്രൂരത ആരോപിച്ചുള്ള വിവാഹമോചനം അനുവദിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി പറഞ്ഞു. വിവാഹ മോചനം അനുവദിച്ചുള്ള നാസിക് കുടുംബകോടതിയുടെ ഉത്തരവ് ജസ്റ്റിസുമാരായ ഭാരതി ഡാങ്ക്രെ,മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.


ഭർത്താവ് ഹാജരാക്കിയ വാട്സ്ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് കുടുംബകോടതി വിവാഹ മോചന ഉത്തരവ്പുറപ്പെടുവിച്ചത്. നാസിക്കിൽ നിന്ന് പൂനെയിലേക്ക് മാറി താമസിക്കണമെന്ന ആവശ്യവും, ഭർത്താവിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങളും ഈ ചാറ്റുകളിൽ ഉണ്ടായിരുന്നതായി ഭർത്താവ് വാദിച്ചു. ഇത് ഭാര്യയുടെ ക്രൂരതയാണെന്ന് കുടുംബകോടതി നിഗമനത്തിലെത്തുകയും വിവാഹമോചനത്തിന് ഉത്തരവിടുകയും ചെയ്തു.


കുടുംബകോടതിയുടെ ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് വാദം കേൾക്കാനോ, എതിർവാദങ്ങൾ ഉന്നയിക്കാനോ അവസരം നൽകാതെ ഏകപക്ഷീയമായാണ് (എക്സ്-പാർട്ടെ) ഉത്തരവ് പാസാക്കിയതെന്ന് അവർ ചൂണ്ടിക്കാട്ടി.


ഹർജി പരിഗണിച്ച ഹൈക്കോടതി, കുടുംബകോടതിയുടെ നടപടിക്രമത്തിലെ പിഴവ് ചൂണ്ടിക്കാട്ടി. "വാട്സ്ആപ്പ് ചാറ്റുകളിൽ മാത്രം ആശ്രയിച്ചുകൊണ്ട് വിവാഹമോചന ഡിക്രി അനുവദിക്കാനാവില്ല. ആ ചാറ്റുകൾ തെളിവായി സ്ഥാപിക്കപ്പെടണം, അതിന് പ്രതിഭാഗത്തിന് മറുപടി പറയാനുള്ള അവസരം നൽകണം, "കോടതി നിരീക്ഷിച്ചു.


കുടുംബകോടതിയുടെ വിവാഹമോചന ഉത്തരവ് റദ്ദാക്കിയ കോടതി,കേസ് കുടുംബകോടതിയിലേക്ക് തന്നെ തിരിച്ചയക്കുകയും ചെയ്തു. ഭാര്യക്ക് വാദം കേൾക്കാനും തെളിവുകൾ സമർപ്പിക്കാനുമുള്ള അവസരം നൽകി വീണ്ടും വിചാരണ നടത്താൻ കോടതി നിർദ്ദേശിച്ചു. ഈ കേസ് പുനഃപരിശോധിക്കുന്നതിനൊപ്പം,അകന്നു കഴിയുന്ന ദമ്പതികൾക്ക് ഒത്തുതീർപ്പിനുള്ള സാധ്യതകളും പര്യവേക്ഷണം ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home