വിധി അറിയാൻ മണിക്കൂറുകൾ ! റീപോളിങ് നടന്ന പശ്ചിമ ബംഗാളിലെ ഫാൽത മണ്ഡലത്തിൽ വോട്ടെണ്ണൽ ഇന്ന്

പ്രതീകാത്മക ചിത്രം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ റീപോളിങ് പൂർത്തിയായ ഫാൽത നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. ഏപ്രിൽ 29-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ മണ്ഡലത്തിൽ വ്യാപക ക്രമക്കേടുകളും അക്രമങ്ങളും നടന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ, മണ്ഡലത്തിലെ ആകെ 285 ബൂത്തുകളിലും വോട്ടെടുപ്പ് റദ്ദാക്കുകയും സമ്പൂർണ റീപോളിങ്ങിന് ഉത്തരവിടുകയുമായിരുന്നു.
സംസ്ഥാനത്ത് ഉടനീളം വോട്ടെടുപ്പ് ദിവസങ്ങളിൽ വ്യാപകമായ രീതിയിൽ ബൂത്ത് പിടുത്തവും അക്രമങ്ങളും നടന്നതായി പ്രതിപക്ഷ പാർട്ടികൾ വലിയ ആരോപണമുന്നയിച്ചിരുന്നു. തുടർന്നാണ് ഫാൽത മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലെയും വോട്ടെടുപ്പ് വീണ്ടും നടത്തേണ്ടി വന്നത്. അതുകൊണ്ടുതന്നെ ഇന്ന് പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമായി ഏറെ നിർണായകമാണ്.
അതിനിടെ, മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗീർ ഖാൻ മത്സരരംഗത്ത് നിന്ന് നാടകീയമായി പിന്മാറിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പരസ്യപ്രചാരണം അവസാന ഘട്ടത്തിൽ എത്തിനിൽക്കവെയായിരുന്നു ജഹാംഗീറിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം. എന്നാൽ, സ്ഥാനാർഥിത്വം ഔദ്യോഗികമായി പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതിന് ശേഷമാണ് ജഹാംഗീർ പിന്മാറ്റം പ്രഖ്യാപിച്ചത്.
സാങ്കേതികമായി പിന്മാറിയെങ്കിലും വോട്ടിങ് യന്ത്രങ്ങളിൽ ജഹാംഗീർ ഖാന്റെ പേരും ചിഹ്നവും നിലനിൽക്കും. കനത്ത സുരക്ഷാ വലയത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബംഗാൾ രാഷ്ട്രീയം ആർക്കൊപ്പം നിൽക്കുമെന്നതിന്റെ കൃത്യമായ ചിത്രം ഉച്ചയോടെ വ്യക്തമാകും.










0 comments