അമിതവണ്ണം കുറയ്ക്കാനുള്ള മരുന്നിന്റെ വ്യാജൻ വിപണിയിൽ; ഹരിയാനയിൽ വൻ ശേഖരം പിടികൂടി

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അമിതവണ്ണം കുറയ്ക്കാനും പ്രമേഹ നിയന്ത്രണത്തിനുമായി ഉപയോഗിക്കുന്ന മൗൻജാരോ (Mounjaro) കുത്തിവെപ്പിന്റെ വ്യാജപതിപ്പ് നിർമിച്ച് വിൽക്കുന്ന സംഘം പിടിയില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒരു ടാക്സി കാറിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപ വിലവരുന്ന മരുന്നുകൾ കണ്ടെടുത്തത്.
ടാക്സി ഡ്രൈവറായ മുസമ്മിൽ ഖാനെ ചോദ്യം ചെയ്തതിലൂടെ മരുന്ന് നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച മുഖ്യപ്രതി അവി ശർമയെ പോലീസ് പിടികൂടി. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില മരുന്നുകളിൽ വെള്ളം ചേർത്ത് മിശ്രിതമുണ്ടാക്കി, എലി ലില്ലി കമ്പനിയുടെ മൗൻജാരോ എന്ന ബ്രാൻഡ് നാമത്തിൽ പാക്ക് ചെയ്താണ് ഇവർ വിപണിയിലെത്തിച്ചിരുന്നത്.
Related News
യഥാർത്ഥ മരുന്നിനെ വെല്ലുന്ന രീതിയിലുള്ള ലേബലുകളും ബാർകോഡുകളും പതിപ്പിച്ചായിരുന്നു വിൽപന. ഓൺലൈൻ പോർട്ടൽ വഴിയാണ് പ്രതികൾ പ്രധാനമായും ഓർഡറുകൾ സ്വീകരിച്ചിരുന്നത്. പിടിച്ചെടുത്ത വ്യാജ മരുന്നുകൾക്ക് ഏകദേശം 70 ലക്ഷം രൂപയോളം വിപണിയിൽ വില വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വ്യാജ മരുന്നുകൾ വിപണിയിൽ എത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം മരുന്നുകൾ വാങ്ങണമെന്നും ഹരിയാണ ഡ്രഗ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.










0 comments