Deshabhimani

ഹൈദരാബാദിൽ 6.78 കോടിയുടെ കള്ളനോട്ട് പിടികൂടി; നാലുപേർ അറസ്റ്റിൽ

fake currency hyderabad
വെബ് ഡെസ്ക്

Published on Nov 04, 2026, 10:45 AM | 2 min read

ഹൈദരാബാദ്: ഹൈദരാബാദിൽ വൻ കള്ളനോട്ട് നിർമാണസംഘം പിടിയിൽ. 6.78 കോടി രൂപയുടെ കള്ളനോട്ടുകളുമായി നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഡുപോജു കർണാകർ, ചിന്നോള്ള മാണിക്യ റെഡ്ഡി, ചെറുകുപെല്ലി രത്നാകർ റെഡ്ഡി, കരണം അജയ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. സംഘത്തിലെ മൂന്നുപേർ ഒളിവിലാണ്.


നവംബർ ഒന്നിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് അബ്ദുള്ളാപൂർമെറ്റിൽ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് സംഘം പിടിയിലായത്. രാമോജി ഫിലിം സിറ്റിക്ക് സമീപത്തുവച്ച് കാർ തടഞ്ഞ് പരിശോധിച്ചപ്പോൾ എട്ട് ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി. വ്യാജ പൊലീസ് തിരിച്ചറിയൽ കാർഡുകൾ, കളിത്തോക്ക്, വാക്കിടോക്കികൾ, നാല് മൊബൈൽ ഫോണുകൾ എന്നിവയും കാറിൽനിന്ന് പിടിച്ചെടുത്തു.


പിടിയിലായവരെ ചോദ്യംചെയ്തതോടെയാണ് കള്ളനോട്ട് നിർമാണകേന്ദ്രത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഹൈദരാബാദിന് സമീപമുള്ള കുന്ത്ലൂരിൽ വീട് വാടകയ്ക്കെടുത്താണ് സംഘം കള്ളനോട്ടുകൾ അച്ചടിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധനയിൽ 6.70 കോടി രൂപയുടെ കള്ളനോട്ടുകൾ കൂടി കണ്ടെത്തി. നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ച പ്രിന്ററുകൾ, ലാപ്ടോപ്, ലാമിനേഷൻ മെഷീൻ, പേപ്പർ മുറിക്കുന്ന യന്ത്രം എന്നിവയും പിടിച്ചെടുത്തു.


യൂട്യൂബ് വീഡിയോകളും സമൂഹമാധ്യമങ്ങളും നോക്കിയാണ് സംഘത്തിലെ പ്രധാനി കള്ളനോട്ട് നിർമാണം പഠിച്ചതെന്ന് പൊലീസ് പറഞ്ഞു. യഥാർഥ നോട്ടുകൾ സ്കാൻ ചെയ്ത് കംപ്യൂട്ടറിൽ മാറ്റങ്ങൾ വരുത്തിയശേഷമാണ് കള്ളനോട്ടുകൾ അച്ചടിച്ചിരുന്നത്.


ആദ്യം കള്ളനോട്ടുകൾ വിപണിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ സംഘം തട്ടിപ്പിന് മറ്റൊരു മാർഗം കണ്ടെത്തി. കുറഞ്ഞ വിലയ്ക്ക് കൂടുതൽ കള്ളനോട്ടുകൾ നൽകാമെന്ന് പറഞ്ഞ് ആളുകളെ സമീപിക്കും. വിശ്വാസം നേടാൻ ആദ്യം യഥാർഥ നോട്ടുകൾ കാണിക്കും. പിന്നീട് കള്ളനോട്ടുകൾ വാങ്ങാനെത്തുന്നവരുടെ പണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം.


ഇതിനായി വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡുകളും വാക്കിടോക്കികളും കളിത്തോക്കും ഇതിനായി ഉപയോഗിച്ചു. പൊലീസ് പിടികൂടുമെന്ന ഭയത്തിൽ ആളുകൾ ഓടിപ്പോകുമ്പോൾ അവരുടെ പണം കൈക്കലാക്കി സംഘം രക്ഷപ്പെടുന്നതായിരുന്നു രീതി.


അബ്ദുള്ളാപൂർമെറ്റ് പൊലീസും ഷാദ്‌നഗർ സ്പെഷ്യൽ ഓപ്പറേഷൻസ് ടീമും ചേർന്നാണ് സംഘത്തെ പിടികൂടിയത്. ഒളിവിലുള്ള മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണെന്നും കള്ളനോട്ട് നിർമാണത്തിലും തട്ടിപ്പിലും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും ഫ്യൂച്ചർ സിറ്റി പൊലീസ് കമ്മീഷണർ തരുൺ ജോഷി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home