ഡൽഹിയിൽ വീണ്ടും രൂക്ഷമായ വായുമലിനീകരണം; നിയന്ത്രണങ്ങൾ കടുപ്പിച്ചു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും രൂക്ഷമായ വായുമലിനീകരണം. വായുമലിനീകരണത്തിന്റെ തോത് അതീവഗുരുതരമായ നിലയിലെത്തിയിരിക്കുകയാണ്. മലിനീകരണത്തിന്റെ തോത് 350 കടന്നതോടെ മേഖലയിലും അതിർത്തിയിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് സർക്കാർ.
ഡൽഹിക്ക് പുറത്ത് നിന്നുവരുന്ന ബി എസ്-VI (BS-VI) നിലവാരത്തിൽ താഴെയുള്ള വാഹനങ്ങൾക്ക് തലസ്ഥാനത്ത് പ്രവേശിക്കാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമായി പാർക്കിങ് ഫീസ് വർധിപ്പിച്ചിരിക്കുകയാണ്.
ഡീസൽ ജനറേറ്ററുകളുടെയും കൽക്കരി, വിറക് എന്നിവയുടെയും ഉപയോഗത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അതിർത്തികളിൽ വാഹന പരിശോധനകളും പൊലീസ് നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.
പലയിടങ്ങളിലും മലിനീകരണ തോത് 400ന് മുകളിലെത്തി. ധോല ക്വാ മേഖലയിൽ 417ഉം ഗാസിപൂരിൽ 410ഉം ആണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സർക്കാർ, സ്വകാര്യ ഓഫീസുകളിൽ നേരിട്ട് ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനത്തോളം പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ഈ മാസം 20 വരെ നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ നിർദേശം. അതിനുശേഷവും വായുനിലവാരം മെച്ചപ്പെടാതെ തുടരുകയാണെങ്കിൽ നിയന്ത്രണം തുടരുമെന്നും അറിയിപ്പുണ്ട്.








0 comments