പ്രമുഖരോടൊപ്പമുള്ള വ്യാജ ചിത്രങ്ങൾ, വ്യാജ ബിസിനസ് കാർഡുകൾ; ചൈതന്യാനന്ദയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു

ന്യൂഡൽഹി: ലൈംഗികാതിക്രമം കേസിൽ അറസ്റ്റ് ചെയ്ത ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മന്റ് ഡയറക്ടറായിരുന്ന ചൈതന്യാനന്ദയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ മോദിയുടെയും മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെയും കൂടെയുള്ള വ്യാജ ചിത്രങ്ങൾ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി.
ഇതിനു പുറമെ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക സമിതിയുടെ സ്ഥിരം അംബാസഡർ, ബ്രിക്സ് കൂട്ടായ്മയുടെ പ്രത്യേക ദൂതൻ എന്നീ പദവികൾ രേഖപ്പെടുത്തിയ വ്യാജ കാർഡുകളും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പല അക്കൗണ്ടുകളിലായി കിടന്ന ചൈതന്യാനന്ദയുടെ എട്ട് കോടി രൂപയോളം വരുന്ന അസ്ഥിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ലൈംഗികാതിക്രമം പരാതിക്ക് പിന്നാലെ ഇയാളെ ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. പരാതി ലഭിച്ച് അൻപതോളം ദിവസങ്ങൾക്ക് ശേഷമാണ് ആഗ്രയിലെ താജ്ഗഞ്ചിലുള്ള ഒരു ഹോട്ടലിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുന്നത്. അശ്ലീല ദൃശ്യങ്ങൾ അടങ്ങിയതെന്ന് കരുതുന്ന സിഡികളും ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പരാതി ലഭിച്ചശേഷം ഇയാൾ രാജ്യത്തെ പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾക്കായി പോലീസ് ഊർജിതമായ തെരച്ചിൽ നടത്തിയതിനൊടുവിലാണ് അറസ്റ്റ്. ഇൻസ്റ്റിട്യൂട്ടിലെ 17 ലധികം വിദ്യാർഥിനികളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. പലർക്കും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ക്ഷണം നിരസിച്ചാൽ മാർക്ക് കുറയ്ക്കുകയും ഫീസ് കൂട്ടി വാങ്ങുകയും ചെയ്യുന്നു എന്നും പരാതിയിൽ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ഉപയോഗിച്ചും വിദ്യാർഥിനികളെ ഇയാളോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചിരുന്നു.









0 comments