ad
Deshabhimani

സിഗരറ്റും ആട്ടിൻ കരളും മദ്യവും; 'മോണ്ടി ബാബ'യായി മാറി ആളുകളെ കബളിപ്പിച്ച ജിം ട്രെയിനർ

fake monty baba

റിഥം പഞ്ചാൽ

വെബ് ഡെസ്ക്

Published on Apr 16, 2026, 02:45 PM | 1 min read

മുംബൈ: ജിം ട്രെയിനറിൽ നിന്ന് ആൾദൈവമായി മാറി ഭക്തരെ കബളിപ്പിച്ച യുവാവ് മുംബൈയിൽ അറസ്റ്റിലായി. ആളുകളെ കബളിപ്പിച്ച് പണവും സാധനങ്ങളും തട്ടിയെടുക്കുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്ത റിഥം പഞ്ചാൽ എന്ന 'മോണ്ടി ബാബ'യെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മാക്കളെ ഒഴിപ്പിക്കാമെന്നും അസുഖങ്ങൾ മാറ്റാമെന്നും വിശ്വസിപ്പിച്ച് 60 ഓളം പേരെ ഇയാൾ കബളിപ്പിച്ചതായാണ് പരാതി.


നാല് വർഷം മുമ്പ് വരെ ജിം ട്രെയിനറായിരുന്ന മോണ്ടി, പെട്ടെന്നൊരു ദിവസമാണ് തനിക്ക് ദൈവിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. മലാഡ് ഈസ്റ്റിലെ വിജനമായ ഒരു പറമ്പിൽ വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 8 മുതൽ പുലർച്ചെ 7 വരെയായിരുന്നു ഇയാളുടെ 'ദർബാർ'. തന്റെ ശരീരത്തിൽ ദേവി ആവേശിക്കുമെന്നായിരുന്നു ഇയാളുടെ വാദം.


സാധാരണ സിദ്ധന്മാരിൽ നിന്ന് വ്യത്യസ്തമായി അതീവ വിചിത്രമായ കാര്യങ്ങളാണ് ഇയാൾ ഭക്തരോട് ആവശ്യപ്പെട്ടിരുന്നത്. പണത്തിന് പുറമെ വിദേശ മദ്യം, സിഗരറ്റ്, ജീവനുള്ള കോഴി, ആട്ടിൻ കരൾ എന്നിവ ഇയാൾ പൂജയ്ക്കായി ആവശ്യപ്പെട്ടിരുന്നു. വായിൽ കത്തുന്ന സിഗരറ്റ് വെച്ചുകൊണ്ടാണ് ഇയാൾ ആത്മാക്കളെ ഒഴിപ്പിക്കാനുള്ള 'അഘോരി' പൂജകൾ നടത്തിയിരുന്നത്. പ്രധാനമായും കുട്ടികളില്ലാത്ത സ്ത്രീകൾക്ക് മക്കളുണ്ടാകാൻ സഹായിക്കാമെന്ന് പറഞ്ഞ് നിരവധി സ്ത്രീകളെ ഇയാൾ വലയിലാക്കി.


ചികിത്സ ഫലിക്കാതെ വന്നതോടെ വിശ്വാസികൾ ചോദ്യം ചെയ്യാൻ തുടങ്ങി. ഇതോടെ ഗുണ്ടകളെ വിട്ട് ഭക്തരെ ഭീഷണിപ്പെടുത്തുന്ന രീതിയിലേക്ക് മോണ്ടി മാറി. ഒടുവിൽ ഇരകൾ അഭിഭാഷകനായ സിദ്ധാർത്ഥ് ശർമ്മയെ സമീപിച്ചതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ലൈംഗിക ചൂഷണത്തിനും സാമ്പത്തിക തട്ടിപ്പിനും ഇയാൾക്കെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് ആത്മീയതയുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തി. അന്ധവിശ്വാസ നിരോധന നിയമപ്രകാരം കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home