ad
Deshabhimani

ഭോപ്പാലിലെ ആശുപത്രിയിൽ ക്യുആർ കോഡ് തട്ടിപ്പ്: വ്യാജ ഡോക്ടർ അറസ്റ്റിൽ

fake dr bhopal.
വെബ് ഡെസ്ക്

Published on Feb 09, 2026, 06:32 AM | 1 min read

ഭോപ്പാൽ: മധ്യപ്രദേശിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഹമീദിയ ഹോസ്പിറ്റലിൽ രോഗികളുടെ ബന്ധുക്കളെ കബളിപ്പിച്ചു പണം തട്ടിയയാള്‍ പിടിയിലായി. ഡോക്ടറെന്ന വ്യാജേന രോഗികളുടെ വിവരങ്ങൾ ചോർത്തി പണം തട്ടുന്ന ജിതേന്ദ്ര ഖാഗ്രെ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഡോറിൽ വെച്ച് പിടിയിലായ ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ കുടുംബങ്ങളെയാണ് പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്.


ആശുപത്രിയിലെ തന്നെ ചില ജീവനക്കാരുടെ സഹായത്തോടെയാണ് ഈ തട്ടിപ്പ് നടത്തിയിരുന്നത്. രോഗികളുടെ വിവരങ്ങൾ, വാർഡ് നമ്പർ, ചികിത്സാ പുരോഗതി, ബന്ധുക്കളുടെ ഫോൺ നമ്പർ എന്നിവ പ്രതിക്ക് ചോർത്തി നൽകുന്നത് ജീവനക്കാരായിരുന്നു. പകരമായി തട്ടുന്ന തുകയുടെ 20 ശതമാനം കമ്മീഷനും ഇവർക്ക് ലഭിച്ചിരുന്നു. ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളിലെ രോഗികളുടെ വിവരങ്ങളാണ് ഇത്തരത്തിൽ കൂടുതലായി കൈമാറിയിരുന്നത്.


രോഗിയുടെ നില അതീവ ഗുരുതരമാണെന്നും ഉടൻ പരിശോധനകൾ നടത്തണമെന്നും വിശ്വസിപ്പിച്ച് പ്രതി ബന്ധുക്കളെ ഫോണിൽ വിളിക്കും. നേരിട്ട് ആശുപത്രിയിലെത്തി ബന്ധുക്കളെ കണ്ടും ഇയാൾ വിശ്വാസം നേടിയെടുത്തിരുന്നു. പരിശോധനകൾ വേഗത്തിലാക്കാൻ പണം ആവശ്യപ്പെടുകയും തുടർന്ന് ഒരു ക്യുആർ കോഡ് അയച്ചു നൽകുകയുമാണ് രീതി. പരിഭ്രാന്തരായ ബന്ധുക്കൾ പണമയച്ചു കഴിഞ്ഞാൽ ഉടൻ ഇയാൾ ഫോൺ ബ്ലോക്ക് ചെയ്യും. ഇത്തരത്തിൽ കുട്ടിയുടെ ഹൃദയശസ്ത്രക്രിയയ്ക്കും ഗർഭിണികളുടെ ചികിത്സയ്ക്കുമായി പണം നൽകിയ പലർക്കും ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.


മൂന്ന് പരാതികളിൽ നിന്നായി മാത്രം മുപ്പതിനായിരത്തിലേറെ രൂപ നഷ്ടപ്പെട്ടതായി പൊലീസ് കണ്ടെത്തി. എന്നാൽ പരാതി നൽകാത്ത ഒട്ടേറെ പേർ ഇനിയും ഉണ്ടെന്നാണ് സൂചന. ഏഴോളം ആശുപത്രി ജീവനക്കാർക്ക് ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ആശുപത്രിയിൽ നിന്ന് ആരും ചികിത്സയ്ക്കായി ക്യുആർ കോഡ് വഴി പണം ചോദിക്കില്ലെന്നും ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home