print edition കടുത്ത ചൂട്: മീൻലഭ്യതയിൽ വൻകുറവ്

കൊല്ലം: കടുത്ത ചൂട്, തീരക്കടലിൽ മത്സ്യലഭ്യതയിൽ വൻ കുറവ്. കിട്ടുന്നതിനാകട്ടെ തീവിലയും. സ്വന്തമായി ബോട്ടും വള്ളവും ഉള്ളവർക്ക് പോലും കറിക്ക് മീൻ കിട്ടാത്ത അവസ്ഥയെന്ന് ബോട്ടുടമകൾ. ഉപരിതല മത്സ്യങ്ങളായ മത്തി, അയല, കിളിമീൻ തുടങ്ങിയവയിലാണ് വലിയ കുറവുണ്ടായത്. നേരത്തെ ഇൗ സീസണിൽ വൻതോതിൽ ലഭിച്ചിരുന്ന നെത്തോലിയിലും കുറവുണ്ട്. തീരക്കടലിൽ ചൂടുയരുന്നതും വെള്ളത്തിലെ ഓക്സിജന്റെ അളവു കുറയുന്നതും കാരണം മീനുകൾ തണുപ്പുള്ള ആഴക്കടലിലേക്കു പോകുന്നതാണ് പ്രതിസന്ധിക്ക് കാരണം.
ചൂടു കൂടുമ്പോൾ വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറയും. പാചകവാതകക്ഷാമം മീൻപിടുത്ത മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ദിവസങ്ങൾ തങ്ങിയുള്ള മീൻപിടുത്തത്തിന് പോകുന്ന ബോട്ടുകളിൽ 60ശതമാനവും ഇപ്പോൾ കരയ്‌ക്കാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള പാചകവാതക സിലണ്ടറുകൾ ലഭിക്കാത്തതിനാൽ കരിഞ്ചന്തയിൽനിന്നും 500 മുതൽ ആയിരം രൂപ വരെ അധികം നൽകി ഗാർഹിക സിലണ്ടറുകൾ ഉൾപ്പെടെ സംഘടിപ്പിച്ചാണ് തൊഴിലാളികൾ കടലിൽ പോകുന്നത്.
കായൽ മീനും കുറഞ്ഞു
സാധാരണ ഗതിയിൽ ഇൗ സീസണിൽ കായലിൽ ചുണ്ടയിടുന്നവർക്ക് അഴുകയും ചെന്പല്ലിയുമാണ് കിട്ടാറ്. എന്നാൽ, ഇപ്പോൾ ചൂണ്ടക്കാർ നിരാശയോടെയാണ് മടങ്ങുന്നത്. താപനില കുറവുള്ള പുലർച്ചെയാണു പരന്പരാഗത മത്സ്യത്തൊഴിലാളികളിൽ ഭൂരിഭാഗവും ഇപ്പോൾ മീൻ പിടിക്കാൻ പോകുന്നത്. മീൻ കിട്ടാത്തതിനാൽ നീണ്ടകര, അടക്കമുള്ള ജില്ലയിലെ വിവിധ ഇടങ്ങളിലെ ഫിഷ് സ്‌റ്റാളുകളും പൂട്ടി.
വില കുതിക്കുന്നു
നീണ്ടകര തുറമുഖത്ത് ശനിയാഴ്‌ച ഒരു കിലോ അയല വിറ്റുപോയത് 380രൂപയ്‌ക്കാണ്. ഐസ്, ചുമട്ടുകൂലി, വാഹനക്കൂലി അടക്കം ഇത് തുറമുഖം കടക്കാൻ 400രൂപയാകും. കേരച്ചൂര ചെറുതിന് കിലോയ്‌ക്ക് 340 രൂപയായിരുന്നു. കഷണങ്ങളാക്കിയതിന് 550രൂപയും.










0 comments