കർണാടകത്തിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 2 മരണം

മാണ്ഡ്യ : കർണാടകത്തിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കാരേകട്ടെ വില്ലേജിലുള്ള കെമിക്കൽ ഫാക്ടറിയിൽ രാസവസ്തുക്കൾ സംഭരിക്കുന്ന ടാങ്കാണ് പൊട്ടിത്തെറിച്ചത്. കെമിക്കൽ ഫാക്ടറി മാറ്റി മറ്റൊരിടത്തേക്ക് സ്ഥാപിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രണ്ട് തൊഴിലാളികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.
കുറച്ചു കാലമായി കാരേകട്ടെയിൽ നിന്ന് പുതിയ സ്ഥലത്തേക്ക് വസ്തുക്കൾ മാറ്റുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഞായറാഴ്ച കെമിക്കൽ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
2022ൽ ഫാക്ടറിയിൽ ഉണ്ടായ വിഷവാതക ചോർച്ചയെ തുടർന്ന് സമീപ പ്രദേശങ്ങളിലെ വിളകൾക്ക് നാശം സംഭവിക്കുകയും മൃഗങ്ങൾ ചത്തൊടുങ്ങുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. അന്നുമുതൽ ഫാക്ടറിയുടെ സുരക്ഷയെക്കുറിച്ച് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കർഷകരുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് ഫാക്ടറിയുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. പിന്നാലെയാണ് ഫാക്ടറി മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചത്.









0 comments