ആർത്തവ ശുചിത്വം മൗലികാവകാശം; സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ആരോഗ്യ വിദഗ്ധർ

ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളിൽ വിദ്യാർത്ഥിനികൾക്കായി ആർത്തവ ശുചിത്വ നയം നടപ്പിലാക്കണമെന്ന സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയെ ആരോഗ്യ-സാമൂഹിക വിദഗ്ധർ അഭിനന്ദിച്ചു. പെൺകുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതിൽ ഈ വിധി നിർണ്ണായകമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും പെൺകുട്ടികൾക്കായി സൗജന്യ സാനിറ്ററി പാഡുകൾ ലഭ്യമാക്കണമെന്നും ആർത്തവ ശുചിത്വത്തെക്കുറിച്ച് അവബോധം നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
ആർത്തവ സമയത്ത് കൃത്യമായ ശുചിത്വ സൗകര്യങ്ങളില്ലാത്തതിനാൽ പെൺകുട്ടികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കും. സുരക്ഷിതമായ ആർത്തവ ശുചിത്വ സൗകര്യങ്ങൾ ലഭിക്കുന്നത് വിദ്യാർത്ഥിനികളുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.
വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികൾ ഉറപ്പാക്കുന്നതിനൊപ്പം സാനിറ്ററി പാഡുകൾ ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തണം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏകോപിതമായി ഈ നയം നടപ്പിലാക്കണമെന്ന കോടതിയുടെ ഉത്തരവ് ലിംഗസമത്വത്തിലേക്കുള്ള വലിയ ചുവടുവെപ്പാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടി.
കേരളം പോലുള്ള സംസ്ഥാനങ്ങൾ നേരത്തെ തന്നെ നടപ്പിലാക്കിയ ഇത്തരം മാതൃകകൾ രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ ഈ വിധി കരുത്തുപകരുമെന്നും വിദഗ്ധർ കൂട്ടിചേർത്തു.










0 comments